nepal-flood

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 489 ആയി. മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആയിരത്തി നാനൂറോളം പേരെയാണ് കാണാതായത്. ഇതിൽ 204 ഇന്ത്യക്കാരുമുണ്ട്. ഇതിനിടെ പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട തമിഴ്നാട്ടില്‍ നിന്നുളള തീര്‍ഥാടക സംഘത്തിന്‍റെ വാക്കുകളാണ് ഇപ്പോള്‍ സൈബറിടത്ത് ശ്രദ്ധനേടുന്നത്. വെളളം കുത്തിയൊലിച്ച് വന്നപ്പോള്‍ അതില്‍ തങ്ങള്‍ ശിവഭഗവാന്‍റെ മുഖം കണ്ടെന്നാണ് തീര്‍ഥാടകരില്‍ ഒരാള്‍ പറയുന്നത്. കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഘം ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അനുഭവം പങ്കുവച്ചത്. 

കൈലാസ് മാനസസരോവര്‍ യാത്രയ്ക്കായി പോയ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു സംഘമാണ് നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വെളളം കുതിച്ചുപാഞ്ഞെത്തിയപ്പോള്‍ കുന്നിന്‍ചെരുവില്‍ തങ്ങള്‍ മഹാദേവന്‍റെ മുഖം കണ്ടുവെന്നാണ് തീര്‍ഥാടകര്‍ പറയുന്നത്. 'ഞങ്ങൾ ശിവന്‍റെ അനുഗ്രഹം വാങ്ങാനാണ് അവിടെയെത്തിയത്. എന്നാൽ ദുരന്തം കാരണം ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. എന്നാൽ ദുരന്തത്തിനുശേഷം, വെള്ളപ്പൊക്കം വന്നപ്പോൾ കുന്നിൻചെരുവിൽ ഞങ്ങൾ ഭഗവാൻ ശിവന്റെ മുഖം കണ്ടു,' വനിതാ തീർത്ഥാടകർ പറഞ്ഞു. തങ്ങളെ രക്ഷിക്കാൻ സാക്ഷാൽ ശിവഭഗവാൻ തന്നെ നേരിട്ടെത്തിയതാണെന്നും അവകാശപ്പെട്ട അവർ, കുന്നിലെ ചെളിയും അവശിഷ്ടങ്ങളും ശിവന്റെ രൂപത്തോട് സാമ്യമുള്ളതാണെന്ന് കാണിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചു.

മൂന്ന് ബസുകളിലായി 60 പേരടങ്ങുന്ന സംഘമാണ് തമിഴ്നാട്ടില്‍ നിന്നും കൈലാസ പർവ്വതത്തിലേക്ക് പുറപ്പെട്ടത്. എന്നാല്‍ പെട്ടെന്ന് നദീതീരത്ത് വലിയൊരു പുക ഉയരുന്നത്  കണ്ടെന്നും എന്തെങ്കിലും സ്ഫോടനമാണെന്നാണ് കരുതിയതെന്നും തീര്‍ഥാടകരില്‍ ഒരാള്‍ പറയുന്നു. തുടർന്ന് വെള്ളം ചെളിയോടും മണലോടും കൂടി ഇരച്ചെത്തി, ഭീകരമായ നിമിഷമായിരുന്നു അതെന്നും അവര്‍ പറഞ്ഞു. ഡ്രൈവർ സീറ്റിലൂടെ പുറത്തുകടന്ന് തങ്ങൾ ഒരു ചെറിയ കുന്നിന് മുകളിലേക്ക് വലിഞ്ഞുകയറി രക്ഷപ്പെടുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം പ്രളയജലം ഒഴുകിയെത്തുന്നതിനാൽ ബിഹാർ, ഉത്തര്‍പ്രദേശ് അതിർത്തികളില്‍ ജാഗ്രത തുടരുകയാണ്. ഗണ്ഡക് നദീതീരത്തുനിന്ന് ഇന്നലെ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നേപ്പാളിൽനിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് ഇവയെന്നാണ് സംശയം.

ENGLISH SUMMARY:

Nepal flash floods have tragically claimed 489 lives, with rescue operations ongoing for the third day. The sheer devastation has left around 1400 people missing, including 204 Indian nationals, amidst the unfolding crisis.