Image credit:x/Vignesh_twitz

Image credit:x/Vignesh_twitz

നിയമസഭയില്‍ പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടം ഒഴിഞ്ഞ് അപ്രതീക്ഷിതമായി മുന്‍നിരയില്‍ മന്ത്രിമാര്‍ക്കൊപ്പം വന്നിരുന്ന് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. സീറ്റിങ് മാറിയതോടെ സഭയൊന്നാകെ അമ്പരന്നു. സാധാരണയായി സ്പീക്കറുടെ ഇരിപ്പിടത്തിനരികെയുള്ള കുറച്ച് വിശാലമായ ഇരിപ്പിടമാണ് മുഖ്യമന്ത്രിക്കായി സജ്ജമാക്കിയിട്ടുള്ളത്. തൊട്ടടുത്ത് മുന്‍നിരയില്‍ സീനിയോറിറ്റി അനുസരിച്ച് മന്ത്രിമാരും എതിര്‍വശത്തെ നിരയില്‍ പ്രതിപക്ഷ നേതാവും മറ്റ് കക്ഷി നേതാക്കളും ബാക്കി അംഗങ്ങളുമെന്നിങ്ങനെയാണ് ഇരിപ്പിട ക്രമീകരണം. Also Read: ആര്‍എസ്എസ് മാര്‍ച്ചില്‍ പങ്കെടുത്തു; രണ്ട് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

വ്യാഴാഴ്ച ഉച്ചയ്ക്ക് ഈ പതിവ് തെറ്റി. സ്വന്തം കസേരയില്‍ നിന്നിറങ്ങിയ വിജയ്, സ്പീക്കര്‍ ഇരിക്കുന്നതിന് വലതു വശത്തായി കെ.എ. സെങ്കോട്ടയ്യനും ആദവ് അര്‍ജുനയ്ക്കും നടുക്കായി ഇരുന്നു. തമിഴ്നാട് നിയമസഭയില്‍ മുന്‍പൊരിക്കലും ഒരു മുഖ്യമന്ത്രിയും മന്ത്രിമാര്‍ക്കൊപ്പം വന്ന് ഇരുന്ന് സഭാ നടപടികളില്‍ പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സഭയില്‍ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വകുപ്പ് സെക്രട്ടറിമാര്‍ എത്തുന്നത് നന്നാകുമെന്ന അഭിപ്രായം ഉദയനിധി സ്റ്റാലിന്‍ മുന്നോട്ട് വച്ചിരുന്നു. മുന്‍പ് ഡിഎംെക ഭരണകാലത്ത് ഇത്തരമൊരു പതിവുണ്ടായിരുന്നുവെന്നും ഉദയനിധി ചൂണ്ടിക്കാട്ടിയിരുന്നു. 'കരൂര്‍ ദുരന്തം ചര്‍ച്ച സഭ ചര്‍ച്ച ചെയ്ത കാര്യം സ്പീക്കര്‍ സൂചിപ്പിക്കുകയുണ്ടായി. അന്ന് ഞങ്ങളുടെ നേതാവും മുഖ്യമന്ത്രിയുമായിരുന്ന എം.കെ.സ്റ്റാലിന്‍ സഭയിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരുമുണ്ടായിരുന്നു. ഇന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും സഭയില്‍ ഇല്ല' എന്നായിരുന്നു രാവിലെ ഉദയനിധിയുടെ ഒളിയമ്പ്.  എന്നാല്‍ വകുപ്പ് സെക്രട്ടറിമാര്‍ വാര്‍ റൂമിലിരുന്ന് അംഗങ്ങളുടെ പ്രസംഗങ്ങളുടെ കുറിപ്പ് തയാറാക്കുകയാണെന്ന് ആദവ് അര്‍ജുന ഇതിന് മറുപടി നല്‍കി. നിര്‍ണായക ചര്‍ച്ചകളില്‍ വകുപ്പ് സെക്രട്ടറിമാര്‍ സഭയിലെത്തുന്നത് നല്ലതാണെന്ന് സ്പീക്കറും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പോയിരുന്ന വിജയ് ഉച്ചയോടെയാണ് സഭയിലെത്തിയത്. 

ENGLISH SUMMARY:

Tamil Nadu Chief Minister C. Joseph Vijay surprised the Legislative Assembly by departing from traditional protocol to sit alongside his cabinet ministers in the front row. Rather than occupying his designated chief ministerial seat near the Speaker, Vijay took a seat situated between ministers K.A. Sengottaiyan and Aadhav Arjuna. The unexpected move followed morning critiques from Leader of the Opposition Udhayanidhi Stalin regarding the absence of the Chief Minister, Chief Secretary, and department secretaries during critical assembly discussions. Upon arriving in the afternoon after attending official state functions, Vijay joined his colleagues in the front row, marking a rare occurrence in the history of the Tamil Nadu Assembly.