Image Credit: X Account/ CMOTamilNadu
തമിഴ്നാട്ടിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് വിജയ് നിയമസഭയിൽ പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിന് സൗജന്യ ബസ് യാത്രയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്കാണ് ‘അന്നപൂർണി സൂപ്പർ സിക്സ്’ പദ്ധതിയിലുള്ളപ്പെടുത്തി ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുക. 2027-ലെ പൊങ്കൽ മുതൽ ഈ പദ്ധതി നിലവിൽ വരും. ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് ഇത് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഗൾഫിലെ യുദ്ധസാഹചര്യം കാരണമുണ്ടായ പാചകവാതക സിലിണ്ടര്‍ ക്ഷാമം കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും അവർക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനുമാണ് സിലിണ്ടറുകൾക്കായി പണം നൽകാൻ തീരുമാനിച്ചതെന്നും വിജയ് നിയമസഭയിൽ പറഞ്ഞു. പദ്ധതിപ്രകാരം മൂന്ന് എൽപിജി സിലിണ്ടറുകൾ വാങ്ങാൻ ആവശ്യമായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും. പദ്ധതിക്ക് പ്രതിവർഷം ഏകദേശം 4,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരു വർഷം ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് ടിവികെ വാഗ്ദാനം നൽകിയിരുന്നു.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൗജന്യ ബസ് യാത്രയും സ്ത്രീകൾക്കായുള്ള ‘വെട്രി പയണ തിട്ടം’ പദ്ധതിയുടെ വിപുലീകരണവും പ്രഖ്യാപനത്തിൽ ഉൾപ്പെടെന്നു. ഇതുപ്രകാരം സ്ത്രീകൾക്ക് എക്സ്പ്രസ്, എൽഎസ്എസ്, ഡീലക്സ് ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. അന്തർ ജില്ലാ ബസ് സർവീസുകളിലേക്കും പദ്ധതി വിപുലീകരിക്കും. ഒക്ടോബർ 2ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നൈ പരന്ദൂരിൽ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പരന്ദൂരിൽ സ്റ്റാലിൻ സർക്കാരാണ് വിമാനത്താവളം പ്രഖ്യാപിച്ചിരുന്നത്. ഈ പദ്ധതിക്കെതിരെ ദീർഘകാലമായി പ്രതിഷേധങ്ങൾ നടന്നിരുന്നു.