Chennai: Tamilaga Vettri Kazhagam (TVK) chief C Joseph Vijay takes oath as Tamil Nadu Chief Minister during his swearing-in ceremony, at Jawaharlal Nehru Stadium, in Chennai, Sunday, May 10, 2026. (PTI Photo)(PTI05_10_2026_000339B)

സി.ജോസഫ് വിജയ്

  • നേതാവിനെ പുകഴ്ത്തി ഗുഡ് ബുക്കില്‍ കയറാന്‍ വേണ്ടിയാണ് പലരും ഇങ്ങനൊക്കെ പറയുന്നതെന്ന് ആക്ഷേപമുണ്ടെങ്കിലും കാര്യം ഇപ്പോള്‍ സീരിയസായി എടുത്തിരിക്കുകയാണ് മന്ത്രിസംഘം

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം ടിവികെ മന്ത്രിമാര്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. നേതാവിനെ പുകഴ്ത്തി ഗുഡ് ബുക്കില്‍ കയറാന്‍ വേണ്ടിയാണ് പലരും ഇങ്ങനൊക്കെ പറയുന്നതെന്ന് ആക്ഷേപമുണ്ടെങ്കിലും കാര്യം ഇപ്പോള്‍ സീരിയസായി എടുത്തിരിക്കുകയാണ് മന്ത്രിസംഘം. വിജയ് പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞ് കൂടുതല്‍ ടിവികെ മന്ത്രിമാരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. Also Read: ഇനി വിജയ്​ക്കൊപ്പം; നടന്‍ ദേവന്‍ ടിവികെയില്‍ ചേര്‍ന്നു


കഴിഞ്ഞ ആഴ്ച തമിഴ്‌നാട് നിയമസഭയില്‍ മന്ത്രി ഡി.ശരത് കുമാറാണ് തന്റെ ആഗ്രഹം ആദ്യം തുറന്നുപറഞ്ഞത്. മുഖ്യമന്ത്രി വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് ശരത് തുറന്നടിച്ചു. എന്നാല്‍ ശരത്തിനും മുന്‍പേ ഇക്കാര്യം മന്ത്രി ആദവ് അര്‍ജുനെ സഭയില്‍ പറയാതെ പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയില്‍നിന്ന് ഇന്ത്യയ്ക്കൊരു പ്രധാനമന്ത്രി ഉണ്ടാകണമെന്നാണ് ആദവ് പറഞ്ഞത്. ഉത്തരേന്ത്യയിലുള്ള നാലോ അഞ്ചോ സംസ്ഥാനങ്ങളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്, ആ പതിവ് മാറി ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു പ്രധാനമന്ത്രി വേണമെന്നും ആദവ് സഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ വ്യക്തമാക്കി മന്ത്രി ശരത് കുമാര്‍ കാര്യം പറഞ്ഞപ്പോള്‍ ബാക്കി മന്ത്രിമാര്‍ കൂടി വിഷയം ഏറ്റെടുക്കുകയായിരുന്നു.

ടിവികെ മന്ത്രി ജഗദേശ്വരിയാണ് അടുത്തതായി ആഗ്രഹം അറിയിച്ചത്. ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ജഗദേശ്വരി വിജയ് പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞത്. ‘ നമ്മുടെ മുഖ്യമന്ത്രി വരുംകാല പ്രധാനമന്ത്രി വിജയ് ’ എന്നായിരുന്നു പ്രസംഗത്തില്‍ ജഗദേശ്വരിയുടെ പരാമര്‍ശം. ഇത് കേട്ട് സദസിലിരുന്നവര്‍ ആരവങ്ങള്‍ ഉണ്ടാക്കി. പറഞ്ഞതില്‍ ഒരുമാറ്റവുമുണ്ടാകില്ലെന്നും ജഗദേശ്വരി പറഞ്ഞു. തൊട്ടുപിന്നാലെ  മറ്റൊരു പരിപാടിയില്‍ മന്ത്രി ശ്രീനാഥും ആളുകള്‍ക്ക് മുന്നില്‍ മനസു തുറന്നു.  ‘ നമ്മുടെ ദളപതി എവിടെ പോയാലും അവിടെ ഫോക്കസ് ആകും, ഡല്‍ഹിയില്‍ പോയാലും ഫോക്കസ് ആകും, നാളെ ഡല്‍ഹിയിലും ദളപതി ആയിരിക്കും ’ എന്നാണ് മന്ത്രി ശ്രീനാഥ് പറ‍ഞ്ഞത്. 2029 ല്‍ ദളപതി പ്രധാനമന്ത്രിയാകുമെന്ന് ടിവികെ എംഎല്‍എയായ ശ്രീനിവാസ സേതുപതിയും പറഞ്ഞു. 

ടിവികെയിലെ മുതിര്‍ന്ന മന്ത്രിയായ സെങ്കോട്ടയ്യനാണ് അടുത്ത പ്രതികരണവുമായി എത്തിയത്. ഇന്ത്യയെ ഭരിക്കാന്‍ ശക്തിയുള്ള ആളാണ് ജോസഫ് വിജയ് എന്നാണ് തിരുപ്പൂരിലെ ഒരു പരിപാടിയില്‍ മുന്‍  അണ്ണാ ഡിഎംകെ നേതാവ് കൂടിയായ  സെങ്കോട്ടയ്യന്‍ പറഞ്ഞത്. നിങ്ങള്‍ക്ക് ലഭിച്ചതുപോലൊരു മുഖ്യമന്ത്രിയെ ഞങ്ങള്‍ക്ക് എപ്പോഴാണ് കിട്ടുകയെന്നാണ്  ഉത്തരേന്ത്യയില്‍ നിന്ന് വന്ന പലരും നേരില്‍ കണ്ടപ്പോള്‍ ചോദിച്ചതെന്നും സെങ്കോട്ടയ്യന്‍ പറഞ്ഞു. ഉത്തരേന്ത്യക്കാരും നമ്മുടെ നേതാവിനെ കാത്തിരിക്കുകയാണെന്നും സെങ്കോട്ടയ്യന്‍.

അഞ്ച് ടിവികെ മന്ത്രിമാര്‍ നേതാവിനെ പ്രധാനമന്ത്രിയായി കാണണമെന്ന ആഗ്രഹം പറഞ്ഞതോടെ ഇനി വരും ദിവങ്ങളില്‍ മറ്റ് മന്ത്രിമാരും വിഷയം ഏറ്റെടുത്ത് പ്രതികരിക്കാനും സാധ്യതയുണ്ട്. സഭയില്‍ തന്നെ പുകഴ്ത്തരുതെന്ന് ആവശ്യപ്പെട്ട് വിജയ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയ സ്ഥിതിക്ക് സഭയ്ക്ക് പുറത്താകും മറ്റുള്ളവരുടെ പ്രതികരണങ്ങള്‍. 

ENGLISH SUMMARY:

Several TVK ministers have openly expressed their desire to see party leader and Tamil Nadu Chief Minister C. Joseph Vijay become the Prime Minister of India. Ministers including D. Sarath Kumar, Aadhav Arjuna, Jagadheeswari, Sreenath and senior leader Sengottaiyan have backed the idea, with TVK MLA Srinivasa Sethupathi even predicting a 2029 Prime Ministerial role for Vijay. The growing chorus comes despite Vijay asking that he not be praised inside the Assembly.