നടന്‍ ദേവന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് ദിവങ്ങള്‍ക്കുള്ളിലാണ് ദേവന്‍ ടിവികെയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ടിവികെ പ്രതിനിധികള്‍ക്കൊപ്പമുള്ള ദേവന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. നടി പ്രിയങ്കയും ദേവനൊപ്പമുണ്ടായിരുന്നു.
ടിവികെയില്‍ ചേര്‍ന്നതില്‍ നെഗറ്റീവ് പറയുന്നവര്‍ പറഞ്ഞോട്ടെയെന്നും ദേവന്‍ ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും പ്രിയങ്ക പ്രതികരിച്ചു. അദ്ദേഹം ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് തമിഴ്നാട്ടില്‍ മുഖ്യമന്ത്രി വിജയ് ചെയ്യുന്നത്. അത് കണ്ടപ്പോഴാണ് അദ്ദേഹത്തിനും തോന്നിയത് ടിവികെയില്‍ ചേരണമെന്ന്. അങ്ങനെ ഓരോ ജനങ്ങളും തീരുമാനിക്കും നല്ലതിന്‍റെ കൂടെ നിക്കാന്‍. കേരളത്തിലും കുറച്ച് നല്ലതൊക്കെ വരട്ടെയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ബിജെപി തന്‍റെ വഴിയല്ലെന്ന് മനസിലായെന്നായിരുന്നു രാജി പ്രഖ്യാപിച്ച് ദേവന്‍ പറഞ്ഞത്. ‘ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി ഞാൻ പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു എന്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന ഞാൻ നൽകിയിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല. എന്റെ ലൈൻ ഇതല്ലെന്ന് എനിക്ക് മനസിലായി. നാലഞ്ച് മാസങ്ങൾക്ക് മുന്നേ ഞാൻ തീരുമാനമെടുത്തിരുന്നു. ഈ വേദിയിൽ പ്രഖ്യാപനം നടത്തണമെന്ന് ഇവിടെ ഇരുന്ന ശേഷമാണ് ഞാൻ തീരുമാനിച്ചത്. ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കാനുള്ള രാജിക്കത്ത് ഞാൻ എഴുതിവച്ചിരിക്കുകയാണ്'- ദേവന്‍റെ വാക്കുകള്‍.