jappanese-vlogger

Image Credit : https://www.instagram.com/mayojapan/

ഇന്ത്യ കാണാനും ഇവിടുത്തെ സംസ്കാരം അടുത്തറിയാനുമായി നിരവധി വിനോദസഞ്ചാരികളാണ് പ്രതിദിനം ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, ട്രക്കിങ് പോയിന്‍റുകള്‍, കല, ഭക്ഷണം, എന്നിവയെല്ലാം ആസ്വദിച്ച് മടങ്ങുന്നവര്‍ ഒരിക്കലും ഈ സംസ്കാരത്തെയും ഇവിടുത്തെ ജനങ്ങളെയും മറക്കാറില്ല. ഇപ്പോഴിതാ ഇന്ത്യയെ അടുത്തറിയാനും ഏറെ കാലത്തെ തന്‍റെ ആഗ്രഹം നിറവേറ്റാനുമായി ഒരു ജാപ്പനീസ് യുവതി നടത്തിയ കഠിനാധ്വാനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ ലോകം. ഹിന്ദി സംസാരിച്ച് തന്‍റെ ആദ്യ ഗംഗാ സ്നാനം നിര്‍വഹിക്കുന്ന ജാപ്പനീസ് യുവതിയുടെ വിഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

'മയോ ജപ്പാന്‍' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കണ്ടന്‍റ് ക്രിയേറ്റര്‍ കൂടിയായ യുവതി തന്‍റെ അനുഭവം പങ്കുവച്ചത്. ഹരിദ്വാറിലെ ഗംഗാ ഘട്ടിൽ വച്ച് തനിക്ക് ലഭിച്ച ആത്മീയ അനുഭവത്തെക്കുറിക്കും യുവതി വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഗംഗയിൽ കുളിക്കാൻ പോകുന്നത് എന്നു പറഞ്ഞുകൊണ്ടാണ് യുവതി തന്‍റെ വിഡിയോ ആരംഭിക്കുന്നത്. കാവി നിറത്തിലുളള കുര്‍ത്ത ധരിച്ചെത്തിയ യുവതി ഗംഗാ നദിയിലിറങ്ങി മൂന്ന് തവണ മുങ്ങിപ്പൊങ്ങി. താന്‍ ഇന്ത്യന്‍ സംസ്കാരത്തെ അടുത്തറിയാനായി 13 വര്‍ഷമായി ശ്രമിക്കുകയാണെന്നും ഇതിനുളളില്‍ തന്നെ ഹിന്ദി ഭാഷ പഠിച്ചെന്നും യുവതി വിഡിയോയ്ക്ക് താഴെ കുറിച്ചു.

ഗംഗയിലെ സ്നാനവും ഈ യാത്രയും വളരെ മികച്ച അനുഭവമായി തോന്നുന്നു എന്നു പറഞ്ഞുകൊണ്ടാണ് യുവതി വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം വിഡിയോ വൈറലായതിന് പിന്നാലെ ഗംഗയിലെ സ്നാനം ആരോഗ്യത്തിന് നല്ലതല്ലെന്നും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ ഇതിലും വൃത്തിയുള്ള നദികളുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഗംഗാനദിയിലെ വെള്ളം അത്ര വൃത്തിയുള്ളതല്ലെന്നും ഒരു ജപ്പാൻകാരി എന്ന നിലയിൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രതിരോധശേഷി നിങ്ങൾക്ക് ഉണ്ടാകണമെന്നില്ലെന്നും ചിലര്‍ കമന്‍റുകളിലൂടെ മുന്നറിയിപ്പും നല്‍കി. 'നന്ദി മയോ. ജീവിതത്തോടുള്ള നിങ്ങളുടെ മനോഭാവം വളരെ പോസിറ്റീവാണ്. ഇത്തരം കമന്റുകൾ അവഗണിക്കുക,' എന്നായിരുന്നു മറ്റൊരു സോഷ്യല്‍മീഡിയ ഉപയോക്താവിന്‍റെ കമന്‍റ്.

ENGLISH SUMMARY:

A Japanese woman's deeply spiritual journey in India, including her first holy dip in the Ganges and her efforts to embrace Indian culture for 13 years, has gone viral. This content creator, sharing her experiences on 'Mayojapan', highlights her dedication to understanding Hindi and the profound impact of her visit to Haridwar, resonating with many online.