Image Credit:facebook/lottechocopie

Image Credit:facebook/lottechocopie

TOPICS COVERED

ലോട്ടെ ചോക്കോപൈക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാർത്തകൾ തള്ളി നിർമ്മാതാക്കളായ ലോട്ടെ ഇന്ത്യ. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ നിന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച സാമ്പിളിൽ അനുവദനീയമായ അളവില്‍ കൂടുതൽ പ്രിസർവേറ്റീവ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്പനി ഔദ്യോഗിക വിശദീകരണവുമായി എത്തിയത്. 2026 ഏപ്രിൽ 10-ന് നിർമ്മിച്ച 'NM10DC2' എന്ന ബാച്ച് നമ്പറിലുള്ള ഉൽപ്പന്നങ്ങളിലായിരുന്നു ഹാനികരമായ അളവിൽ പ്രിസർവേറ്റീവുകൾ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാൽ, ലോട്ടെ ചോക്കോപൈ നിരോധിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി. വിഷയത്തിൽ എൻ.എ.ബി.എൽ (NABL) അംഗീകൃത ലാബിൽ നടത്തിയ സ്വതന്ത്ര പരിശോധനയിൽ പ്രിസർവേറ്റീവുകളുടെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്നും തെളിഞ്ഞിട്ടുണ്ടെന്ന് ലോട്ടെ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. എങ്കിലും മുൻകരുതൽ നടപടിയെന്ന നിലയിലും ഉപഭോക്തൃ സുരക്ഷ മുൻനിർത്തിയുമാണ് ആരോപണമുയര്‍ന്ന 'NM10DC2' എന്ന ബാച്ച് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതെന്നും കമ്പനി അറിയിച്ചു.

മാത്രമല്ല, ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും വിഷയം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും തുടരുമെന്നും കമ്പനി വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മറ്റ് ബാച്ചുകളിലെ ഉൽപ്പന്നങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാമെന്നും ലോട്ടെ ഇന്ത്യ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Lotte India has refuted claims of a ban on their Lotte Chocopie, stating that reports of excessive preservatives are unsubstantiated. The company emphasizes that independent lab tests confirm their products meet all food safety standards, although a specific batch was voluntarily recalled as a precautionary measure.