Image Credit:facebook/lottechocopie

Image Credit:facebook/lottechocopie

  • 2026 ഏപ്രില്‍ 10 ന് നിര്‍മിച്ച NM10DC2 എന്ന ബാച്ചിലാണ് ഇത് കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം

ആരോഗ്യത്തിന് ഹാനികരമായ അളവില്‍ പ്രെസര്‍വേറ്റീവ്സ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോട്ടെ ചോക്കോ പൈ കഴിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഛത്തിസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ നിന്ന് ശേഖരിച്ച പായ്ക്കില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മനുഷ്യോപയോഗത്തിന് അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ അളവ് പ്രെസര്‍വേറ്റീവ്സ് ചേര്‍ത്തതായി കണ്ടെത്തിയത്. 2026 ഏപ്രില്‍ 10 ന് നിര്‍മിച്ച NM10DC2 എന്ന ബാച്ചിലാണ് ഇത് കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. ശേഖരിച്ച സാംപിള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. 

'അനുവദനീയമായതിലും വളരയേറെ കൂടുതലാണ് പ്രെസര്‍വേറ്റീവ്സിന്‍റെ അളവ് സ്ഥിരീകരിച്ചത്. ഇത് കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നതാണ്. രാജ്യമെങ്ങും വിതരണം ചെയ്ത ഈ ബാച്ച് തിരികെ വിളിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്' എന്നും ദുര്‍ഗിലെ ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 21നാണ് സാംപിള്‍ പരിശോധനയ്ക്കായി അയച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ഫലം പുറത്തുവന്നത്. അനുവദനീയമായ അളവില്‍ കൂടുല്‍ പ്രെസര്‍വേറ്റീവ്സ് ചേര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ ഭക്ഷ്യസുരക്ഷാ നിലവാരപ്രകാരം ആരോഗ്യത്തിന് ഹാനികരമെന്നുമാണ് പരിശോധനാഫലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

ലാബ് പരിശോധനാഫലം പുറത്തുവന്നതോടെ ലോട്ടെ ചോക്കോ പൈയുടെ വില്‍പ്പനയും സംഭരണവും വിതരണവും ജില്ലയിലെങ്ങും അടിയന്തര പ്രാധാന്യത്തോടെ നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഈ ബാച്ചിലുള്ള ഉല്‍പ്പന്നം വില്‍ക്കരുതെന്ന് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കും ഹോള്‍സെയില്‍–റീട്ടെയില്‍ വ്യാപാരികള്‍ക്കും മുന്നറിയിപ്പ് നല്‍കി. 2006ലെയും 2011ലെയും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഈ ബാച്ച് തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലുള്ള കമ്പനിയുടെ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ബാച്ചില്‍പ്പെട്ട ഉല്‍പ്പന്നം ഇനിയും വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ENGLISH SUMMARY:

The Food Safety Department has issued a consumer warning against eating Lotte Choco Pie after laboratory tests detected excessive preservative levels posing health risks. Authorities in Durg district, Chhattisgarh, identified the hazardous chemical concentrations in batch NM10DC2 manufactured in April 2026. The district administration has completely banned the sale and distribution of the affected batch and ordered the manufacturing company to initiate an immediate nationwide recall. Local traders and distributors have been strictly warned of legal consequences if they continue to stock or sell the non-compliant confectionery items. Officials emphasize that the high preservative content is particularly harmful to children and violates established food safety regulations.