Image: @indiatoday
ട്രാന്സ്ജെൻഡർ കോൺസ്റ്റബിളിനെ പരിശീലന ക്യാംപിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ മുങ്കെറിലെ സ്‌പെഷ്യൽ ആംഡ് പോലീസിന്റെ ക്യാംപിലാണ് സംഭവം. പശ്ചിമ ചമ്പാരനിലെ ബേത്തിയ സ്വദേശിയായ അവന്തിക സിന്ധു ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Also Read: ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി, കുടല്‍ പുറത്ത്; കണ്ട് പരിഭ്രാന്തയായ ഭാര്യ ടെറസിൽ നിന്നുംചാടി
പട്ന പൊലീസ് ലൈനിൽ നിന്ന് പരിശീലനത്തിനായാണ് അവന്തിക ഇവിടെയെത്തിയത്. പരിശീലനത്തിനെത്തിയ 500 പേരുടെ ബാച്ചിലെ അംഗമായിരുന്നു അവന്തിക. ഈ ബാച്ചിൽ 16 ട്രാന്സ്ജെൻഡർ ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. ഏതാനും ദിവസങ്ങളായി അവന്തികയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും പരേഡിലും മറ്റ് പരിശീലനങ്ങളിലും പങ്കെടുത്തിരുന്നില്ലെന്നും സഹപ്രവർത്തകർ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.
Also Read: കുളിമുറിയിൽ നിന്ന് ഭർത്താവിനെ വലിച്ചിറക്കി; നടിയുടെ കരണത്തടിച്ച് ഭാര്യ
ഞായറാഴ്ച വൈകുന്നേരമാണ് മരണം നടന്നത്. മറ്റ് ട്രെയിനികൾ പരിശീലനം കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് അവന്തികയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ബാരക്കിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ജമാൽപൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉയർന്ന സുരക്ഷയുള്ള ട്രെയിനിങ് ക്യാംപിൽ വെച്ച് നടന്ന സംഭവമായതിനാൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സഹപ്രവർത്തകരായ ട്രെയിനികളെ അടച്ചിട്ട മുറിയിൽ പൊലീസ് ചോദ്യം ചെയ്തു. അവന്തികയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.