friends-death

Ai Generated Image

കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ഒന്നിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് കൂട്ടുകാരികള്‍. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് പേരില്‍ ഒരാള്‍ ചികില്‍സയിലിരിക്കെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒന്നിച്ച് വളരുകയും ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്ത 18കാരിയായ കവിതയും 19കാരിയായ സാധനയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതില്‍ കവിതയാണ് മരിച്ചത്.

കുട്ടിക്കാലം മുതല്‍ എല്ലാ കാര്യങ്ങളും കവിതയും സാധനയും ഒന്നിച്ചായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. ഇതില്‍ സാധനയുടെ വിവാഹം രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കഴിഞ്ഞത്. സാധനയുടെ സമ്മതമില്ലാതെ നടന്ന വിവാഹമായിരുന്നു അത്. ഭര്‍ത്താവുമായുളള പ്രശ്നങ്ങളെ തുടര്‍ന്ന് ഒരുമാസമായി സാധന സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. കവിതയും താന്‍ സ്നേഹിക്കുന്ന വ്യക്തിയെ വീട്ടുകാര്‍ അംഗീകരിച്ച് വിവാഹം നടത്തിത്തരാത്തതില്‍ അസ്വസ്ഥയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ പരസ്പരം പങ്കുവച്ച സാധനയും കവിതയും ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

തുടര്‍ന്നാണ് ഇരുവരും ഒന്നിച്ച് വിഷം കഴിച്ച് മരിക്കാം എന്ന തീരുമാനത്തിലെത്തിയത്. ഇതിനായി മാരകവിഷഗുളികള്‍ ഇവര്‍ പുറത്തുനിന്നും വാങ്ങി. സാധന ഒരു വിഷഗുളികയും കവിത രണ്ട് വിഷഗുളികയുമാണ് കഴിച്ചത്. വിഷം അകത്തെത്തിയതിന് പിന്നാലെ ഇരുവരുടെയും ആരോഗ്യനില വിഷളായി. സാധനയുടെ മാതാപിതാക്കളാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരുവരും ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ കവിത മരണത്തിന് കീഴടങ്ങി. അപകടനില തരണം ചെയ്ത സാധന ആശുപത്രിയില്‍ ചികില്‍സയിലാണ്. കവിതയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ വിശദമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

Two friends, Kavitha and Sadhana, attempted suicide due to severe mental distress in Uttar Pradesh's Bhadohi district. One of the friends, Kavitha, passed away while undergoing treatment, while Sadhana is currently hospitalized.