Image: X

Image: X

  • ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി മരംവെട്ടാന്‍ ശ്രമിച്ചയാളെ ബിഎസ്എഫ് പിടികൂടി. പ്രതികാരനടപടിയായി ഇന്ത്യന്‍ കര്‍ഷകനെ തട്ടിക്കൊണ്ടുപോയി

ഇന്ത്യ–ബംഗ്ലദേശ് അതിര്‍ത്തിയില്‍വച്ച് കര്‍ഷകനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ കുക്കുറാൻ സ്വദേശിയായ കര്‍ഷകനെയാണ് ഒരു സംഘം ആളുകള്‍ ബലമായി പിടിച്ചുകൊണ്ടുപോയത്. 35കാരനായ ദീപങ്കര്‍ ഗോപെ സ്വന്തം തേയിലത്തോട്ടത്തില്‍ കീടനാശിനി തളിക്കുന്നതിനിടെയാണ് നീക്കമുണ്ടായത്. ഈ സംഭവം അതിര്‍ത്തിമേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രശ്നങ്ങള്‍ക്കുമാണ് വഴിവച്ചിരിക്കുന്നത്. 

Also Read: പ്രണയത്തിനിടെ ലൈംഗികാതിക്രമം; യുഎസില്‍ 19കാരിയെ കഴുത്തുഞെരിച്ചു കൊന്നു; ജര്‍മനിയിലേക്ക് കടന്ന ഇന്ത്യ

ഒരു പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ തട്ടിക്കൊണ്ടുപോകലെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു ദിവസം മുന്‍പ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി മരം വെട്ടാന്‍ ഉള്‍പ്പെടെ ശ്രമിച്ച ഒരു ബംഗ്ലദേശുകാരനെ ബിഎസ്എഫ് പിടികൂടിയിരുന്നു. ഓഗസ്റ്റ് 6-ന് ചൗൽഹാട്ടി അതിർത്തിയിലൂടെയാണ് ഇയാള്‍ വേലി മുറിച്ചുകടക്കാൻ ശ്രമിച്ചത്.  ഇയാളെ നാട്ടുകാരും  ബി.എസ്.എഫും ചേർന്ന് പിടികൂടി പോലീസിന് കൈമാറിയിരുന്നു. അനധികൃത കടത്തുകാരുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സംശയത്തിനിടയിലാണ് ഇന്ത്യന്‍ കർഷകനെ തട്ടിക്കൊണ്ടുപോയത്. 

Also Read: സിനിമ ചര്‍ച്ചയ്​ക്കെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; നടിയെ ബലാല്‍സംഗം ചെയ്ത് വിഡിയോ പകര്‍ത്തി

ഇയാളെ വിട്ടുകിട്ടാനാവശ്യപ്പെട്ടുള്ള പ്രതികാരനടപടിയാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദീപങ്കറെ മോചിപ്പിക്കുന്നതിനായി ബോർഡർ ഗാർഡ് ബംഗ്ലാദേശുമായി (ബി.ജി.ബി) ഫ്ലാഗ് മീറ്റിങ് നടത്തുകയും ചെയ്തു. എന്നാൽ ചർച്ചകൾ ഫലം കാണാത്തതിനാൽ കർഷകൻ ഇപ്പോഴും വിദേശ കസ്റ്റഡിയിൽ തുടരുകയാണ്. കര്‍ഷകനെ തിരിച്ചയക്കണമെങ്കില്‍ ബിഎസ്എഫ് പിടികൂടിയ ആളെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി ബംഗ്ലദേശിലെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ ഉള്‍പ്പെടെ നിരവധി പോസ്റ്റുകള്‍ നിറയുന്നുണ്ട്. 

 

ഇരുപതോളം വരുന്ന സംഘമാണ് ഇന്ത്യന്‍ കര്‍ഷകനെ വലിച്ചിഴച്ചു കൊണ്ടുപോയതെന്നാണ് കുടുംബം നല്‍കുന്ന വിവരം. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്കിടെയില്‍ ഈ സംഭവം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതിനിടെ ദീപങ്കറിന്റേതെന്ന് കരുതുന്ന ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യ പിടിയിലാക്കിയ ബംഗ്ലദേശ് പൗരനെ മോചിപ്പിച്ചാൽ മാത്രമേ തന്നെ വിട്ടയക്കൂ എന്ന് ദീപങ്കർ പറയുന്നതും ഈ വിഡിയോയിലുണ്ട്. കർഷകനെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനായി ബിഎസ്എഫ് ഉദ്യോഗസ്ഥർ ബംഗ്ലദേശ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.  

ENGLISH SUMMARY:

A 35-year-old Indian farmer named Dipankar Gope was abducted by a group of individuals from his tea garden near the India-Bangladesh border in West Bengal's Jalpaiguri district. This abduction is widely suspected to be a retaliatory action after the Border Security Force (BSF) and locals apprehended a Bangladeshi national who attempted to illegally cross the border.