Image:X,@indiatoday

Image:X,@indiatoday

  • അമേരിക്കയില്‍ കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി ജര്‍മനിയിലേക്ക് കടന്നു. ഇന്ത്യന്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു

അമേരിക്കയിലെ അരിസോണയില്‍ 19കാരിയെ കഴുത്തുഞെരിച്ചു കൊന്ന ശേഷം ജര്‍മനിയിലേക്ക് കടന്ന ഇന്ത്യന്‍ വിദ്യാര്‍ഥി പിടിയില്‍.  അരിസോണ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള അപ്പാർട്ട്മെന്റിൽവച്ചാണ് കോളജ് വിദ്യാര്‍ഥിനി ജൂലിസ റൂബി സലാസര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 20കാരനായ വരുണ്‍ ബച്ചിഗരിയെ ആണ് പിടികൂടിയിരിക്കുന്നത്. ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വരുണ്‍ പിടികൂടപ്പെട്ടത്. 

Also Read:'അജ്ഞാതരുടെ ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെടുന്നു'; ലഷ്‌കറെ കമാന്‍ഡര്‍ പള്ളിയിൽ ദുരൂഹ സാഹചര്യത്തിൽ

പ്രണയത്തിന്റെ പേരിലുള്ള വരുണിന്റെ മോശം പെരുമാറ്റവും ലൈംഗികാതിക്രമങ്ങളും കാരണം ബന്ധം അവസാനിപ്പിക്കാനായി ജൂലിസ ശ്രമിച്ചതാണ് കൊലയ്ക്കു കാരണമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. ജൂലിസയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ കുടുംബം നടത്തിയ തിരച്ചിലിലാണ് അപാര്‍ട്ട്മെന്റില്‍ ജൂലിസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും ദേഹത്തുമെല്ലാം പരുക്കും പാടുകളുമുണ്ടായിരുന്നു. മരണത്തിനു തലേദിവസം ജൂലിസയുടെ മുറിയില്‍ നിന്നും ബഹളവും നിലവിളിയും കേട്ടിരുന്നതായി സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഹാലോവീന്‍ പാര്‍ട്ടിക്കിടെ ജൂലിസയ്ക്കെതിരെ പ്രതി ലൈംഗികാതിക്രമം കാണിച്ചതിനു താന്‍ ദൃക്സാക്ഷിയാണെന്ന് ഒരാള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

 

കൊല നടത്തിയ ശേഷം പ്രതി ജൂലിസയുടെ ഫോണും ക്രഡിറ്റ് കാര്‍ഡുകളും കൈക്കലാക്കുകയും പെണ്‍കുട്ടിയുടെ അമ്മയ്ക്ക് വ്യാജസന്ദേശങ്ങള്‍ അയച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. അരിസോണ സര്‍വകലാശാലയില്‍ ബിസിനസ് അനലിറ്റിക്സ് വിദ്യാർത്ഥിയായിരുന്നു വരുൺ ബച്ചിഗരി. എന്നാല്‍ ചില പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. മുന്‍പും വരുണിനെതിരെ പല തരത്തിലുള്ള പരാതികളും കേസുകളും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും പൊലീസിനു ബോധ്യപ്പെട്ടതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് െചയ്യുന്നു. പിന്നീട് ജോലി നഷ്ടപ്പെട്ടതായും ഇതിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്നതായും പൊലീസ് പറയുന്നു. വാടക നല്‍കുന്നതിനും വീസാ നിലനില്‍പ്പിനുമുള്‍പ്പെെട പ്രതിസന്ധികള്‍ നേരിട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. 2024 ജനുവരി 8ന് എഫ്–1 സ്റ്റുഡന്റ് വീസയിലാണ് പ്രതി യുഎസിലെത്തിയത്. 

കൊലപാതകത്തിന് ശേഷം വരുൺ ടൂസൺ വിമാനത്താവളത്തിലെത്തി ഹൂസ്റ്റണിലേക്കും തുടർന്ന് ബെർലിനിലേക്കും എത്തുകയായിരുന്നു. അവിടെ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാളുടെ പദ്ധതി. അമേരിക്കൻ ഫെഡറൽ ഏജൻസികളുടെയും ജര്‍മന്‍ അധികൃതരുടെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടൻ തന്നെ അരിസോണയിലേക്ക് കൈമാറുമെന്നും പീമാ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.

Indian Student Arrested in Germany for Strangling 19-Year-Old Girlfriend in Arizona:

An Indian student in the United States, Varun Bachigari, was arrested in Germany for the strangulation murder of his 19-year-old girlfriend, Julissa Ruby Salazar, in Arizona. The attack reportedly occurred after Salazar attempted to end their relationship due to his abusive behavior and sexual misconduct. Following the crime, Bachigari stole her phone and credit cards, sent deceptive text messages to her mother, and fled the U.S. through Houston to Berlin with plans to escape to India. International law enforcement agencies successfully intercepted him, and extradition proceedings are underway to transfer him back to Arizona to face charges.