Untitled design - 1
  • ലഹരിക്കച്ചവടത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന സംശയത്തിൽ 32 വയസ്സുകാരനായ മുഹമ്മദ് വസീമിനെ സുഹൃത്തുക്കൾ റോഡിലിട്ട് കുത്തിക്കൊലപ്പെടുത്തി.

ലഹരിക്കച്ചവടത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്ന് സംശയിച്ച് ഹൈദരാബാദില്‍ യുവാവിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തി. 32 വയസുള്ള മുഹമ്മദ് വസീം ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പി.വി.നരസിംഹറാവു എക്സ്പ്രസ് വേയിലുള്ള ഉപ്പര്‍പള്ളിയില്‍ വച്ചായിരുന്നു അക്രമം.

വസീമിന്‍റെ സുഹൃത്തുക്കളായ സൊഹെയ്ല്‍, ഇല്യാസ് എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കുവേണ്ടി വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്.

വസീം പ്രതികളെ കാണാന്‍ ഉപ്പര്‍പള്ളിയിലെത്തിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മറ്റുരണ്ട് യുവാക്കളും പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നു. തര്‍ക്കം മുറുകിയപ്പോള്‍ സൊഹെയ്‌ലും ഇല്യാസും ചേര്‍ന്ന് വസീമിനെ അടിക്കുകയും ചവിട്ടുകയും ചെയ്തു.

Untitled design - 1

തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ഇരുവരും വസീമിനെ തുരുതുരാ കുത്തി. ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി.

അതീവഗുരുതരമായി പരുക്കേറ്റ വസീമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൊഹെയ്‌ലും ഇല്യാസും നടത്തിയിരുന്ന കഞ്ചാവ് കച്ചവടത്തെക്കുറിച്ച് വസീം പൊലീസിന് വിവരം നല്‍കിയതായി ഇരുവര്‍ക്കും സംശയമുണ്ടായിരുന്നു.

അതേച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊലപ്പെടുത്താന്‍ തീരുമാനിച്ചുതന്നെയാണ് ഇരുവരും വസീമിനെ വിളിച്ചുവരുത്തിയതെന്ന് രാജേന്ദ്രനഗര്‍ എസിപി ടി.ശ്രീനിവാസ് പറഞ്ഞു.

സൊഹെയ്‌ലും ഇല്യാസും വസീമും മുന്‍പ് കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് തിരച്ചിലിനായി പല സംഘങ്ങളെ നിയോഗിച്ചു. കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും മറ്റ് ഇലക്ട്രോണിക്, സൈബര്‍ തെളിവുകളും ശേഖരിക്കുന്നുണ്ട്. ഹൈദരാബാദില്‍ ഈവര്‍ഷം ഉണ്ടായ കൊലപാതക പരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതാണ് വസീമിന്‍റെ മരണം. ഈമാസം മാത്രം നഗരത്തില്‍ 10 കൊലപാതകങ്ങള്‍ ഉണ്ടായിരുന്നു. 

ENGLISH SUMMARY:

A 32-year-old man named Mohammed Waseem was brutally beaten and stabbed to death in Hyderabad over suspicion of acting as a police informer regarding illegal drug trade. The incident took place on Thursday evening along the PV Narasimha Rao Expressway at Upparpally when Waseem met his friends, Sohel and Ilyas. A heated argument erupted between them, following which Sohel and Ilyas attacked Waseem with a knife despite attempts by bystanders to intervene. The police have registered a murder case, recovered CCTV footage of the brutal attack, and launched a massive manhunt to capture the absconding suspects.