mark-india
  • മോദിയുടെ വിഡിയോ അപ്രത്യക്ഷമായ വിഷയത്തില്‍ മെറ്റയ്ക്ക് ഇന്ത്യയുടെ ഭീഷണി. സേഫ് ഹാര്‍ബര്‍ പിന്‍വലിക്കും

വെറുമൊരു മാപ്പുപറച്ചില്‍ കൊണ്ടുമാത്രം ക്ഷമിക്കാവുന്ന തെറ്റല്ല മെറ്റയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കേന്ദ്ര ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രതിഷേധസമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച വിഡിയോ മണിക്കൂറുകളോളം കാണാതിരുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് വ്യക്തിപരമായി മാപ്പുപറയണമെന്നും ഇന്ത്യ നിലപാടെടുത്തു. മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ വിവരസാങ്കേതികവിദ്യ നിയമത്തിലെ സെക്ഷൻ 79 പ്രകാരം മെറ്റെയ്ക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ സംരക്ഷണം പിൻവലിക്കണമെന്നും സമിതി സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുകയാണ്. Also Read: ജെന്‍സി ഇംപാക്ട്? ബിജെപി ദേശീയ അധ്യക്ഷന്‍റെ സീറ്റ് കൈവിട്ടു; കോട്ട പൊളിച്ച് പ്രശാന്ത് കിഷോര്‍


പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുമായി നടന്ന കൂടിക്കാഴ്ചയില്‍ വിഡിയോ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക തകരാര്‍ മൂലമാണെന്നായിരുന്നു മെറ്റ അധികൃതര്‍ വിശദീകരിച്ചത്. ഈ വിഷയത്തില്‍ മെറ്റ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വെറുമൊരു മാപ്പുപറച്ചിലില്‍ തീര്‍ക്കാവുന്ന പ്രശ്നമല്ലെന്നും മോദിയുടെ വിഡിയോ അഞ്ചു മണിക്കൂറോളം കാണാതിരുന്നത് ഏറെ ഗൗരവമുളള വിഷയമാണെന്നും ഐ.ടി കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ പറഞ്ഞു.

പുലർച്ചെ 12:30 മുതൽ രാവിലെ 5:00 മണി വരെയാണ് പ്രധാനമന്ത്രിയുടെ വീഡിയോ പ്ലാറ്റ്‌ഫോമിൽ ലഭ്യമല്ലാതിരുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഉള്ളടക്കം പോലും സുരക്ഷിതമല്ലെങ്കിൽ അത് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും സമിതി ചെയർമാൻ ആരോപിച്ചു. മാത്രമല്ല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങളിൽ പക്ഷപാതം പ്രകടമാണെന്നും സമിതി നിരീക്ഷിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐ.ടി മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങൾ പാലിക്കുന്നതിൽ സോഷ്യൽ മീഡിയ ഉടമകള്‍ അനാസ്ഥ കാണിക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. 

എന്താണ് ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം

ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന സംരക്ഷണമാണിത്. ഐ.ടി നിയമത്തിലെ സെക്ഷൻ 79ലാണ് സേഫ് ഹാര്‍ബറിനെക്കുറിച്ച് പറയുന്നത്. ഈ സംരക്ഷണം പിന്‍വലിച്ചുകഴിഞ്ഞാല്‍ പിന്നെ പ്ലാറ്റ്ഫോമുകളില്‍ വരുന്ന എല്ലാ ഉള്ളടക്കങ്ങൾക്കും കമ്പനിയും  ഉദ്യോഗസ്ഥരും നേരിട്ട് നിയമനടപടികൾ നേരിടേണ്ടി വരും. മെറ്റാ, ഗൂഗിൾ, യൂട്യൂബ്, എക്സ്, സ്നാപ്ചാറ്റ് പ്രതിനിധികളും കേന്ദ്ര ആഭ്യന്തര, ഐ.ടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഈ നിർണായക വിഷയങ്ങൾ ചർച്ചയായത്. സംഭവത്തിൽ 10 ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാൻ മെറ്റയോട് പാർലമെന്ററി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

PM Modi Video Disappearance: IT Panel Demands Zuckerberg Apology, Threatens Safe Harbor Revocation:

The Parliamentary Standing Committee on IT has taken a stern view on Prime Minister Narendra Modi's video disappearing from Meta's platform for five hours during the CJP protest at Jantar Mantar. Rejecting Meta's explanation of a technical glitch, Committee Chairman Nishikant Dubey demanded a personal apology from Meta CEO Mark Zuckerberg. The committee recommended that the Indian government revoke Meta's 'Safe Harbor' protection under Section 79 of the IT Act if the apology is not issued. Additionally, Meta has been directed to submit a written explanation regarding the incident within 10 days.