prashanth-kishor
  • ബിഹാറിലെ ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ച് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി. ദേശീയ അധ്യക്ഷന്റെ സിറ്റിങ് സീറ്റാണ് കൈവിട്ടുപോയത്.

മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന ബങ്കിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റു. ജന്‍ സുരാജ് പാര്‍ട്ടി അധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ 19324 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി നീരജ് കുമാറിനെ തോല്‍പ്പിച്ചത്. പ്രശാന്ത് കിഷോറിന്‍റെ ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്.

ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബീൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ചതോടെയാണ് ബങ്കിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. നബീൻ അഞ്ച് തവണ തുടർച്ചയായി ജയിച്ച മണ്ഡലത്തിലാണ് ബിജെപിയുടെ ഞെട്ടിക്കുന്ന തോല്‍വി. 1995 നു ശേഷം ബങ്കിപ്പൂരില്‍ ആദ്യമായാണ് ബിജെപി തോല്‍ക്കുന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത്  7717 വോട്ടു മാത്രം നേടിയ ജന്‍ സുരാജ് പാര്‍ട്ടിയാണ് ഇത്തവണ ബിജെപിയെ ഞെട്ടിച്ചത്. 2026 ല്‍ 50,000-ത്തിലധികം വോട്ടായിരുന്നു ബിജെപിയുടെ ഭൂരിപക്ഷം. 

ബിജെപിക്ക് ഒരു സന്ദേശം നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ബിഹാറിന് മികച്ച നേതൃത്വം ആവശ്യമാണന്ന സന്ദേശമാണിതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ജനവിധി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി ബിഹാർ ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് സരാഗി പറഞ്ഞു. 

യുവവോട്ടര്‍മാരുടെ നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ബങ്കിപൂര്‍. പാട്ന സര്‍വകലാശാല, എന്‍ഐടി പാട്ന, ബിഎന്‍ കോളജ്, സയന്‍സ് കോളജ്, എഎന്‍ കോളജ്, ചാണക്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മണ്ഡലത്തിലാണ്. മണ്ഡലത്തിലെ 3.79 ലക്ഷം വോട്ടര്‍മാരില്‍ 1.2 -1.35 ലക്ഷം വോട്ടര്‍മാര്‍ 18-29 വയസിനുള്ളില്‍ ഉള്ളവരാണ്. അതായത് മൂന്നിലൊന്നും യുവാക്കള്‍. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വലിയ പ്രതിഷേധം നടന്നയിടമാണ് പാട്ന. 

മധ്യപ്രദേശിലെ ദാതിയ സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥി ഘനശ്യാം സിംഗ് 6016  വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ വഞ്ചനാ കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് അയോഗ്യനാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

ഗുജറാത്ത് വഡോദരയിലെ മഞ്ചൽപൂർ നിയമസഭാ സീറ്റ് ബിജെപി നിലനിര്‍ത്തി. 30,630 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാര്‍ഥി സതീഷ് ഗോവിന്ദ്ഭായ് പട്ടേലിന്‍റെ വിജയം. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 1,00,754 വോട്ടുകള്‍ക്ക് ജയിച്ചിടത്താണ് ഇത്തവണ 30,000 വോട്ടുകള്‍ക്ക് ജയിക്കുന്നത്. ബിജെപി എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ യോഗേഷ് പട്ടേൽ അസുഖത്തെ തുടർന്ന് മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. 

ENGLISH SUMMARY:

Prashant Kishor has secured his maiden electoral victory by winning the Bankipur assembly by-election in Bihar, defeating the BJP candidate by 19,324 votes. This defeat marks a historic blow for the BJP in a stronghold previously held by party national president Nitin Nabin since 1995. The upset is largely attributed to strong support from young voters across major educational institutions in Patna. Meanwhile, by-elections in other states saw Congress retain the Datia seat in Madhya Pradesh, while the BJP held onto Manjalpur in Gujarat with a reduced margin.