വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി). ‘പാറ്റകള്‍ ജയിച്ചു, ജനാധിപത്യം ജയിച്ചു’ എന്നാണ് എക്സിലൂടെ സിജെപി പ്രതികരിച്ചത്. നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിലെ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തിൽ ജൂൺ മാസം മുതൽ ഡൽഹി ജന്തർമന്തറിൽ സമരം നടത്തിവരികയായിരുന്നു.

‘ഇതാണ് ജനാധിപത്യം. അദ്ദേഹം രാജിവെച്ചിരിക്കുന്നു. ഞങ്ങൾക്ക് രണ്ട് ആവശ്യങ്ങൾ കൂടിയുണ്ട്. ഞങ്ങൾ വെറുതെ പിരിഞ്ഞുപോകില്ല. ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുന്നു. എന്നാൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം. അവർക്കത് ലഭിക്കണം. ആ എല്ലാ കുടുംബങ്ങൾക്കും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക. രണ്ടാമതായി, അക്രമം അഴിച്ചുവിട്ട ഈ പോലീസുകാർക്കെതിരെ നടപടിയെടുക്കണം. ഓർക്കുക, ‘പാറ്റകളുമായി’ കളിക്കാൻ നിൽക്കരുത്– സിജെപി സ്ഥാപകൻ, അഭിജീത് ദിപ്കെ എക്സില്‍ കുറിച്ചു.

ധർമേന്ദ്ര പ്രധാന്‍റെ രാജി വാർത്ത പുറത്തുവന്നതിന് പിന്നാലെ ജന്തർമന്തറിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരും അഭിജീത് ദീപ്കെയും ആഹ്ലാദപ്രകടനം നടത്തുന്നതിന്റെ വിഡിയോയും സിജെപി പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ മാധ്യമങ്ങളോട് സംസാരിതച്ച് അഭിജീത് മരണപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ഈ രാജി അവര്‍ക്കുവേണ്ടിയാണെന്ന് പറയുകയും ചെയ്തു. ‘രാജിവയ്ക്കില്ലെന്ന് പറഞ്ഞവര്‍ തലകുനിച്ചു. നമ്മള്‍ അത് നേടിയെടുത്തു’– അഭിജീത് പറഞ്ഞു.

ALSO READ: അസാധാരണം, അപ്രതീക്ഷിതം: മോദി സര്‍ക്കാരിന്‍റെ ആദ്യസമ്പൂര്‍ണ കീഴടങ്ങല്‍ ...

സി.ജെ.പിയും കേന്ദ്ര സർക്കാരും തമ്മിലുള്ള മൂന്നാം വട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുൻപാണ് തന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപനം നടത്തിയത്. രാജ്യത്തും ജന്തർമന്തറിലും നിലനിൽക്കുന്ന സാഹചര്യങ്ങൾ ദേശവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യാതിരിക്കാൻ താൻ പ്രധാനമന്ത്രിക്ക് രാജി കത്ത് അയച്ചതായി അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ തനിക്ക് കടുത്ത മനോവിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു ...

തന്‍റെ അഭിമാനത്തിന്‍റെ പ്രശ്നമല്ല ഇതെന്നും, പരീക്ഷാ മാഫിയ കാരണം ഒരു വിദ്യാർഥിയുടെയും ഭാവി തകരാൻ താൻ അനുവദിക്കില്ലെന്നും പ്രധാൻ പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെ സ്വപ്നങ്ങളെയും വികാരങ്ങളെയും താൻ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Following the resignation of Union Education Minister Dharmendra Pradhan over NEET examination irregularities, the Cockroach Janata Party (CJP) celebrated the victory on X with the statement, "Cockroaches won, democracy won." CJP founder Abhijeet Dipke and protesters at Jantar Mantar, who had been demonstrating since June demanding accountability, welcomed the resignation while asserting that they will not disperse until their remaining two demands are met: a compensation of one crore rupees for the families of students who died by suicide, and strict action against police officers who used violence against protesters. Pradhan announced his resignation on X just hours before a scheduled third round of talks between the CJP and the central government, stating that he stepped down to prevent anti-national forces from exploiting the situation and emphasizing that a student's future must not be ruined by examination mafias.