പി.എ.മുഹമ്മദ് റിയാസ്.
ഇഡി അന്വേഷണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അസംബന്ധെന്ന് പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ മെനഞ്ഞുണ്ടാക്കിയ കള്ളക്കഥയാണ് ഇതെന്ന് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. വീണ ഇഡിക്ക് മുന്നില്‍ കാര്യങ്ങള്‍ സമ്മതിച്ചുവെന്നത് പച്ചക്കള്ളമാണ്. പച്ച മനുഷ്യരുടെ ഇറച്ചി തിന്ന് രസിക്കുന്നവര്‍ ആട്ടം തുടരട്ടെയെന്നും റിയാസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. Also Read: 'റിയാസിന് 20.5 കോടി കൈക്കൂലി കിട്ടി'; ഒരു ഭാഗം ഹവാല ഇടപാടിനും? തെളിവ് വീണയുടെ 'റെഡ് ബുക്ക്'; ഇഡിയുടെ കത്ത് പുറത്ത്
പി എ മുഹമ്മദ് റിയാസിന്റെ കുറിപ്പ് പൂര്‍ണരൂപം: ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇ ഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ , അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ ഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട് . ഇത് പച്ചക്കള്ളമാണ്. ഇ ഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. നിയമപരമായി പോരാടും. -പി എ മുഹമ്മദ് റിയാസ്
അതേസമയം, രണ്ടാം പിണറായി സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.എ.മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്നാണ് ഇ.ഡി റിപ്പോര്‍ട്ടിലുള്ളത്. ഇതിൽ ഒരു ഭാഗം ഹവാല ഇടപാട് വഴി ദുബായിലേക്ക് കടത്തിയതെന്നും ഇഡി അന്വേഷണത്തിന്‍റെ ഭാഗമായി പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇഡി സംസ്ഥാന ഡിജിപിക്ക് കത്തും നല്‍കിയിട്ടുണ്ട്. റിയാസിന് കൈക്കൂലി ലഭിച്ചത് സി.എം.ആർ.എൽ കമ്പനിയിൽ നിന്നല്ല എന്നും ഇഡി പറയുന്നു . കത്തിലെ പൂർണ്ണ വിവരങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടു.
മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അനധികൃത സമ്പാദ്യത്തിനും, ഹവാലാ ഇടപാടിനും ഭാര്യ ടി.വീണയുടെ ഡയറിയിൽ തെളിവെന്ന് ഇ.ഡി. വീണയുടെ ഡയറിയെ റെഡ് ബുക്ക് എന്ന് വിശേഷിപ്പിച്ചാണ് ഡി.ജി.പിക്ക് നൽകിയ കത്തിൽ തെളിവ് വിശദീകരിക്കുന്നത്. ബുക്കിലെ ഏഴു പേജിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇ.ഡി. അവകാശപ്പെടുന്നു. ദുബായിലേക്ക് പണം കടത്തിയ സമയത്ത് രണ്ടാഴ്ചയോളം വീണ ദുബായിൽ താമസിച്ചതിനും തെളിവുണ്ട്. റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ , വാരിസ് എന്നിവർക്കും പണം കടത്തിനെ കുറിച്ച് അറിയാം. ഇവർ ഇക്കാര്യം സമ്മതിച്ചു മൊഴി നൽകിയിട്ടുണ്ടെന്ന് ആണ് കത്തിലെ ഇ.ഡിയുടെ അവകാശവാദം.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകിയത് സർക്കാരിന് കർശനമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് . നടപടി വൈകിയാൽ കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കൽ ആയി കണക്കാക്കാം എന്നാണ് ഇ.ഡി കത്തിൽ പറയുന്നത്. സംസ്ഥാന പോലീസ് മേധാവിക്കെതിരെ അതിന്റെ ഭാഗമായി നടപടിക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു. ഇത് ശരിവെക്കുന്ന രണ്ടു സുപ്രീംകോടതി വിധികളും കത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.