നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചു. സിജെപി നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിച്ചിരിക്കെയാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ആവശ്യം അംഗീകരിച്ച് നടപടി.
'നാലു പതിറ്റാണ്ടായി ഞാന്‍ എന്‍റെ ജീവിതം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്കുമായി ഉഴിഞ്ഞ് വച്ചിരിക്കുന്നയാളാണ്. കരുത്തുറ്റ രാജ്യത്തിന്‍റെ അടിത്തറ കരുത്തുറ്റ,ദീര്‍ഘവീക്ഷണത്തോട് കൂടിയ വിദ്യാഭ്യാസ സമ്പ്രദായമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യത്തെ വിദ്യാര്‍ഥികളുടെ പ്രതീക്ഷകളും വികാരങ്ങളെയും അങ്ങേയറ്റം ഞാന്‍ മാനിക്കുന്നു. ഈ രാജ്യത്തെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്‍റെ മഹത്തായ നേതൃത്വത്തിനും ഞാന്‍ നന്ദി പറയുന്നു.
ജന്തര്‍ മന്തറില്‍ നിലവിലുള്ള സ്ഥിതിയില്‍ നിന്നും രാജ്യ വിരുദ്ധ ശക്തികള്‍ നേട്ടമുണ്ടാക്കാതിരിക്കാനും രാജ്യത്തിന്‍റെ ഐക്യം കാത്തുസൂക്ഷിക്കാനും, കുട്ടികള്‍ അവരുടെ സമയം പഠനത്തിനുപയോഗിക്കുകയും മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നതിനാല്‍ നിയമനടപടികളില്‍പ്പെട്ട് ഒരു വിദ്യാര്‍ഥിയുടെ പോലും ജീവിതം നശിക്കാതിരിക്കാനും ഞാന്‍ എന്‍റെ രാജിക്കത്ത് പ്രധാനമന്ത്രിക്ക് അയയ്ക്കുന്നു'- എന്നാണ് ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്കത്തിലുള്ളത്.
'നമ്മള്‍ നേടി, ജനാധിപത്യത്തിന്‍റെ വിജയം' എന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കേ പ്രതികരിച്ചത്. വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ അഭിജിത് ദീപ്കേ ഈ വിജയം നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇത് അവരുടെ വിജയമാണെന്നും പറഞ്ഞു. വലിയ ആഹ്ളാദ പ്രകടനമാണ് ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്നത്.
അതിനിടെ ജന്തര്‍മന്തറില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലാണ് പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്. പാര്‍ലമെന്‍റ് സ്ട്രീറ്റിലേക്കുള്ള വഴി പ്രതിഷേധക്കാര്‍ തമ്പടിച്ച് നിന്നിരുന്നു. രാവിലെ മുതല്‍ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ബലപ്രയോഗം നടത്തി. തുടര്‍ന്ന് ആറ് തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സ്ഥതിഗതികള്‍ നിയന്ത്രണത്തിലാണെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. അതേസമയം, ജൂലൈ 20 ലെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതില്‍ ന്യായീകരണവുമായി പൊലീസ്. പൊലീസ് നടപടിയില്‍ ആര്‍ക്കും ഗുരുതര പരുക്കില്ലെന്നും എഡിറ്റഡ് വിഡിയോകളാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് പൊലീസിന്‍റെ വാദം. ഇതുവരെ നാന്നൂറിലധികം വ്യാജ അക്കൗണ്ടുകളില്‍ നടപടിയെടുത്തുവെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.