മഹാരാഷ്ട്രയിലെ താനെയില്‍ കാമുകനെ കൊന്ന് ഫ്ളാറ്റിലെ ബാത്ത് റൂമില്‍ ഉപേക്ഷിച്ച യുവതി. വീട്ടുടമസ്ഥന് ലഭിച്ച ഒരു വോയ്‌സ് മെസ്സേജിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കല്യാണിലെ നീൽകണ്ഠ് ഹൗസിങ് സൊസൈറ്റിയിലെ അടച്ചിട്ട ഫ്ലാറ്റിൽ നിന്ന് രണ്ടര മാസമായി വെള്ളം പുറത്തേക്ക് ഒഴുകുന്നതായി താമസക്കാർ പരാതിപ്പെട്ടിരുന്നു. ഒടുവിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത യുവതി വീട്ടുടമസ്ഥന് അയച്ച വോയ്‌സ് സന്ദേശത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.
താൻ കാമുകനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ഫ്ലാറ്റിലെ ബാത്റൂമിലുണ്ടെന്നും യുവതി സന്ദേശത്തിൽ പറഞ്ഞു. മൃതദേഹം അവിടെനിന്ന് നീക്കം ചെയ്യണമെന്നും അവർ വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടു. വോയ്‌സ് മെസ്സേജ് ലഭിച്ചതിന് പിന്നാലെ വീട്ടുടമസ്ഥനായ അജയ് പാട്ടീൽ വിവരം പൊലീസിനെ അറിയിച്ചു. മാൻപഡ പൊലീസ് ഫ്ലാറ്റിലെത്തി നടത്തിയ പരിശോധനയിൽ ബാത്റൂമിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.
പ്രാഥമിക അന്വേഷണത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി ബാത്റൂമിലെ ടാപ്പ് തുറന്നുവിട്ടതാകാമെന്നും പൊലീസ് സംശയിക്കുന്നു. ഇതാണ് ദിവസങ്ങളോളം ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
കൊലപാതകത്തിന് പിന്നാലെ യുവതി കൊൽക്കത്തയിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെ കണ്ടെത്തുന്നതിനായി മൂന്ന് പൊലീസ് സംഘങ്ങൾ കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യുവതിയെ കണ്ടെത്തിയ ശേഷം മാത്രമേ സംഭവത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരൂവെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം തുടരുകയാണ്.