കോഴിക്കോട് പാളയത്ത് കൊല്ലപ്പെട്ട ബിജുവിന്‍റെ ശരീരത്തില്‍ 45 മുറിവുകള്‍. കഴുത്തിന്‍റെ മുമ്പിലും പുറകിലുമായി 18 ചെറുതും വലുതുമായ മുറിവുകളുമുണ്ട്. ചെറിയ സ്റ്റീല്‍ കത്തിയാണ് ഉപയോഗിച്ച ആയുധമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും വയറ്റിലുമേറ്റ കത്തിക്കൊണ്ടുള്ള ആഴമേറിയ കുത്താണ് മരണകാരണം. ആക്രമണത്തിന് പിന്നില്‍ ലഹരി ഉപയോഗിക്കുന്നവരാകാം എന്നാണ് നിഗമനം. കാരണം ബിജു കൊല്ലപ്പെട്ടു എന്ന് മനസിലാക്കിയ ശേഷവും കത്തികൊണ്ട് ചെറുതും വലുതുമായ മുറിവുണ്ടാക്കിയിട്ടുണ്ട്.
ലഹരി ഉപയോഗിക്കുന്നവരുടെ രീതി ആക്രമണത്തില്‍ കാണുന്നുണ്ടെന്ന് പൊലിസ് പറയുന്നു. ആദ്യം കഴുത്തില്‍ കുത്തിയപ്പോള്‍ തന്നെ ബിജു വീണിരുന്നു. പിന്നാലെയാണ് വയറ്റിലും കുത്തിയത്. മരണം ഉറപ്പാക്കുക എന്നത് കൂടി അക്രമിയുടെ ലക്ഷ്യമായിരുന്നു. അതിനാലാണ് കത്തിക്കുത്തേറ്റ് വീണിട്ടും അവിടെ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കാതെ വീണ്ടും ആക്രമിച്ചത്. ബിജുവിനോട് ആര്‍ക്കും ശത്രുതയില്ലെന്ന് അമ്മയും സഹോദരിയും ഇന്നലെ മൊഴി നല്‍കിയെങ്കിലും ഇത് പൊലിസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ബിജുവുമായി കാര്യമായ ശത്രുതയുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
ബിജു തൂഫാന്‍ വോറിയറോ?
കൊല്ലപ്പെട്ട ബിജു തൂഫാന്‍ വോറിയറായിരുന്നുവെന്ന പ്രചാരണം പൊലിസ് തള്ളുന്നു. ലഹരിമാഫിയയെക്കുറിച്ച് ബിജു ഒരിക്കല്‍ പോലും പൊലിസിനോ എക്സൈസിനോ വിവരം നല്‍കിയിരുന്നില്ല. എന്നാല്‍ ബിജു താമസിക്കുന്ന പ്രദേശത്തെ ലഹരിസംഘവുമായി ബിജു പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ബിജുവിന്‍റെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ ലഹരി സംഘം തമ്പടിക്കുന്നതിനെതിരെ ബിജു പ്രതികരിച്ചിട്ടുണ്ട്. അതിന്‍റെ വൈരാഗ്യത്തിലാണോ ആക്രമണമുണ്ടായത് എന്നാണ് ബന്ധുക്കളുടെ സംശയം. ഇക്കാര്യവും കസബ പൊലിസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
സിസിടിവിയില്‍ കണ്ടത്?
കൊലപാതകം നടന്ന വീടിന് സമീപത്ത് സിസിടിവി ഇല്ലെങ്കിലും അവിടേക്ക് കയറിവരുന്ന ഇരുഭാഗത്തും സിസിടിവികളുണ്ട്. കടകളും ഹോട്ടലുകളും അവിടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ആ സിസിടിവിയില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ഈ രണ്ട് വഴികളിലൂടെ മാത്രമല്ല ബിജുവിന്‍റെ വീടിലേയ്ക്ക് എത്താന്‍ സാധിക്കുക. വേറെ വഴികളുമുണ്ട്. ഒരുപക്ഷെ ഈ വഴികളിലേതെങ്കിലും അക്രമി ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. അതായത് ബിജുവിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ തികഞ്ഞ ആസൂത്രണത്തോടെ സിസിടിവി ഉളള വഴി ഒഴിവാക്കി കൊലപാതകം നടത്തി അതുവഴി തന്നെ രക്ഷപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്.