cpm-pb
  • സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്
  • ഒന്‍പത് പി.ബി അംഗങ്ങള്‍ പങ്കെടുക്കും
  • അഞ്ചുപേര്‍ കേരളഘടകത്തിന് പുറത്തുള്ളവര്‍

സിപിഎം വിശാല സംസ്ഥാന സമിതിയിൽ സ്വന്തം അജൻഡകൾ നടപ്പാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തടയിട്ട് കേന്ദ്രനേതൃത്വം. ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി നിയന്ത്രിക്കാനെത്തും. സ്വതന്ത്രമായ ചർച്ചകൾക്ക് സംസ്ഥാന സമിതിയിൽ പിബി നിർദേശം നൽകുമെന്നാണ് വിവരം. 

സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ടാണ് യോഗം.  അടിമുടി മാറ്റത്തിനുള്ള പ്ലീനത്തിനാണ് കേന്ദ്രകമ്മിറ്റി ലക്ഷ്യമിട്ടതെങ്കിലും വിശാല സംസ്ഥാന സമിതിയാക്കി സംസ്ഥാന നേതൃത്വം നീക്കം അട്ടിമറിക്കുകയായിരുന്നു. എന്നാൽ, പാർട്ടിയിൽ തിരുത്തൽ വേണമെന്നും ഇനിയും വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കിയാണ് വിശാല സംസ്ഥാന സമിതിക്ക് കേന്ദ്ര നേതൃത്വം വഴങ്ങിയത്. വിശാല സംസ്ഥാന സമിതി വഴി പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അജൻഡ മാത്രം നടപ്പാക്കാനുള്ള നീക്കമാണ് ലക്ഷ്യമിട്ടത്. ഇതാണ് കേന്ദ്രനേതൃത്വം വെട്ടിയത്. 

പിബിയിലെ പകുതിപേർ വിശാല സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നതോടെ ചർച്ചകൾക്ക് ചൂടേറും. സംസ്ഥാന നേതൃത്വത്തിനെതിരെ നിശിത വിമർശനവും ഉയരാം. കേരളത്തിലെ പിബി അംഗങ്ങളെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി, അശോക് ധാവ്ളെ, കെ.ബാലകൃഷ്ണൻ, യു.വാസുകി, വിജു കൃഷ്ണൻ, ബി.വി.രാഘവേലു എന്നിവരാണ് വിശാല സംസ്ഥാന സമിതി നിയന്ത്രിക്കാനെത്തുന്നത്. തിരഞ്ഞെടുപ്പു പരാജയം പാർട്ടി നേതൃത്വത്തിന് വീഴ്ചകൊണ്ടു മാത്രമല്ലെന്ന ചർച്ചകൾക്കാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. 

എന്നാൽ, വീഴ്ചകൾ എന്തൊക്കെയെന്ന് അക്കമിട്ടു നിരത്തിയുള്ള കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ ഊന്നിയുള്ള ചർച്ചകൾക്കാവും സിപിഎം കേന്ദ്രനേതൃത്വം നിർദേശം നൽകുക. ഇതോടെ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വീഴ്ചകൾ ഉൾപ്പെടെ സംസ്ഥാന നേതൃത്വത്തിന് സമ്മതിക്കേണ്ടി വരും. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പദവിക്ക് തൽക്കാലം ഇളക്കം തട്ടാൻ സാധ്യതയില്ലെങ്കിലും പാർട്ടി കമ്മിറ്റികളിൽ എന്തു സംഭവിക്കാമെന്നും വിശ്വസിക്കുന്നവർ പാർട്ടിക്കുള്ളിലുണ്ട്.

ENGLISH SUMMARY:

Nine senior Politburo (PB) members are arriving in Kozhikode to directly oversee and control the proceedings of the CPM broad committee meeting. The delegation notably features five senior leaders from outside Kerala who will closely monitor the organizational deliberations.