സര്‍ക്കാര്‍ ജോലി ലഭിക്കാത്തതനെ തുടര്‍ന്ന് ബി.ടെക് സ്വർണ്ണമെഡൽ ജേതാവ് വീട്ടിൽ ജീവനൊടുക്കി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഒട്ടേറെത്തവണ ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ കഴിയാത്തതിൽ പിതാവിനോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഇയാളുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കാണ്‍പൂര്‍ സ്വദേശി ആനന്ദ് കുമാറാ(23)ണ് മരിച്ചത്.
2024-ൽ കാൺപൂരിലെ പ്രാൻവീർ സിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (PSIT) എന്ന സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ നിന്ന് ബി.ടെക് (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്) വിഭാഗത്തിൽ ഇയാൾ ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. കൂടാതെ ഉത്തർപ്രദേശ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും സ്വന്തമാക്കിയിരുന്നു. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിൽ നിന്നാണ് ആനന്ദ് സ്വർണ്ണമെഡൽ ഏറ്റുവാങ്ങിയത്.
മൂത്ത സഹോദരന്‍റെ വിവാഹം ഉറപ്പിക്കുന്നതിനായി കുടുംബം സ്വദേശമായ ബിഹാറലായിരുന്ന സമയത്താണ് ഗോവിന്ദ് നഗറിലെ മൂന്ന് നിലകളുള്ള വീടിനുള്ളിൽ ഇയാളെ തൂങ്ങിമരിച്ചത്. വീട്ടുജോലിക്കാരി വന്ന് പലതവണ വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് അയൽക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആനന്ദ് സ്വന്തം കൈപ്പടയിൽ എഴുതിയ അഞ്ച് വരികളുള്ള ഒരു ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ക്ഷമിക്കണം പപ്പാ, സർക്കാർ ജോലി നേടാനായി ഞാൻ ഏകദേശം 50 തവണ ശ്രമിച്ചു, പക്ഷേ എനിക്ക് വിജയിക്കാനായില്ല. ദയവായി എന്നോട് ക്ഷമിക്കൂ’.
ബിരുദപഠനത്തിന് ശേഷം ആനന്ദ് കുമാര്‍ പവർ ഗ്രിഡിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരുന്നതായും അതിന് ശേഷമാണ് മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കാൻ തുടങ്ങിയതെന്നും പിതാവ് രാജ്കുമാർ പറഞ്ഞു. ‘റെയിൽവേ, എസ്.എസ്.സി, ബാങ്കുകൾ, വിദ്യാഭ്യാസ വകുപ്പ് എന്നിവ നടത്തിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ അവൻ പങ്കെടുത്തിരുന്നെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി അവൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു,’ രാജ്കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.