തമിഴ്നാട്ടിലെ ടാസ്മാക് മദ്യവിൽപനശാലകളിലെ ജീവനക്കാരുടെ ശമ്പളം 25 ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ. മദ്യവിൽപനയുമായി ബന്ധപ്പെട്ട അഴിമതികൾ തടയുന്നതിനും മദ്യക്കുപ്പികൾക്ക് അധിക തുക ഈടാക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് സൂചന. സർക്കാരിന്‍റെ കീഴിലുള്ള മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം പരിഷ്കരിക്കുന്നതിനുള്ള നടപടികളിലൊന്നാണിത്. മന്ത്രി വിഘ്നേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ടാസ്മാക് ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങുമ്പോൾ ഓരോ കുപ്പിക്കും അധികമായി 10 രൂപ ഈടാക്കുന്നു എന്ന പരാതി വ്യാപകമായിരുന്നു. ഈ പ്രവണത അവസാനിപ്പിക്കുക എന്നതാണ് ശമ്പള വർധനവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ശമ്പള വർധനവുണ്ടായാല്‍ ജീവനക്കാർ ഇത്തരം അഴിമതികളിൽ ഏർപ്പെടുന്നത് കുറയുമെന്നും, സുതാര്യത വർധിക്കുമെന്നും സർക്കാർ കരുതുന്നു. കഴിഞ്ഞ 20 വർഷമായി ടാസ്മാക് ജീവനക്കാർക്ക് ഇത്തരമൊരു ശമ്പള വർധനവ് ലഭിച്ചിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ അധികാരമേറ്റതിന് ശേഷം തമിഴ്നാടിന്‍റെ മദ്യനയത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇതിന്‍റെ ഭാഗമായി, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന 717 ടാസ്മാക് മദ്യവിൽപനശാലകൾ പൂട്ടാൻ നേരത്തെ ഉത്തരവിട്ടിരുന്നു.

പൊതുസ്ഥലങ്ങളിൽ മദ്യ ലഭ്യത കുറയ്ക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇത്. ഒപ്പം മദ്യവിൽപ്പന ശാലകൾക്ക് കർശനമായ നിയന്ത്രണം ഉറപ്പാക്കുന്നതിനും ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളജുകൾ, ബസ് ടെർമിനലുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന മദ്യശാലകളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുമാണ് നീക്കമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. 

ENGLISH SUMMARY:

The TVK government in Tamil Nadu has increased TASMAC staff salaries by 25% to eliminate corruption and illegal overcharging at liquor outlets.