Image Credit:X/Keerthana

തമിഴ്‌നാട്ടില്‍ മന്ത്രിമാരെ ചുറ്റിപ്പറ്റിയുള്ള വിഡിയോ വിവാദം ഒഴിയുന്നില്ല. മണ്ഡലത്തിലെ സ്കൂള്‍ സന്ദര്‍ശിക്കുന്നതിനിടെ വിദ്യാര്‍ഥികളിലൊരാളോട് ഇംഗ്ലിഷില്‍ ചോദ്യം ചോദിച്ചാണ് വ്യവസായ മന്ത്രി കീര്‍ത്തന പുലിവാല് പിടിച്ചത്. വിരുദുനഗറിലെ സര്‍ക്കാര്‍ സ്കൂളില്‍ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. ക്ലാസിലെ വിദ്യാര്‍ഥിയോട് 'What does your father do ?' എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പക്ഷെ കുട്ടി ഉത്തരം പറയാതെ നില്‍ക്കുന്നതായി വിഡിയോയില്‍ കാണാം. ഈ സിംപിള്‍ ചോദ്യത്തിന് പോലും വിദ്യാര്‍ഥിക്ക് മറുപടി പറയാനാകുന്നില്ലല്ലോ എന്ന് ഉടന്‍തന്നെ മന്ത്രി അധ്യാപികയോട് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പിന്നീട് വിദ്യാര്‍ഥിയോട് ഇംഗ്ലീഷില്‍ ചോദ്യം ചോദിക്കാന്‍ മന്ത്രി അധ്യാപികയോട് പറയുന്നുണ്ട്. അതില്‍ ചില ചോദ്യങ്ങള്‍ക്ക് കുട്ടി മറുപടിയും പറയുന്നുണ്ട്. ഈ സംഭവം ഡിഎംകെ സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി മന്ത്രി ഉപയോഗിച്ചതാണ് വിവാദമായത്. സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിക്ക് ഇംഗ്ലിഷില്‍ പ്രാവീണ്യമില്ലാത്തത് ഡിഎംകെ സര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ പോരായ്മയാണെന്നും മന്ത്രി ആരോപിച്ചു. വിഡിയോ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ഇതോടെ റീല്‍സ് സര്‍ക്കാരാണ് ടിവികെയുടേതെന്ന മറുവാദവുമായി ഡിഎംകെ തിരിച്ചടിച്ചു. പൊളിറ്റിക്കല്‍ മൈലേജിനും പബ്ലിസിറ്റിക്കും വേണ്ടി ടിവികെ, സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിയെ അപമാനിച്ചെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രതികരണം. കുട്ടിക്ക് പ്രോല്‍സാഹനം നല്‍കാതെ പരിഹസിക്കുകയാണ് മന്ത്രി ചെയ്തതെന്നും ഉദയനിധി കുറ്റപ്പെടുത്തി. 

വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍ ഉദയനിധിക്ക് മറുപടിയുമായി കീര്‍ത്തന രംഗത്തിറങ്ങി. ആളുകള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്നും വിദ്യാര്‍ഥിയെ താന്‍ അപമാനിച്ചിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു. ‘ഞാനും സര്‍ക്കാര്‍ സ്കൂളില്‍ തമിഴ് മീഡിയത്തില്‍ പഠിച്ച ആളാണ്, കോര്‍പറേറ്റ് ലോകത്തെത്തിയപ്പോള്‍ ഇംഗ്ലിഷ് പറയാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടി, ഇപ്പോള്‍ താന്‍ പഠിച്ചു , ഇപ്പോഴും പഠിക്കുന്നു, ഇത് പറയാന്‍ എനിക്കൊരു നാണക്കേടുമില്ല'- കീര്‍ത്തന എക്സില്‍ കുറിച്ചു. താനല്ല വിഡിയോ ഷൂട്ട് ചെയ്തതെന്നും മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും മന്ത്രി പറഞ്ഞു. തന്നെ കുറ്റപ്പെടുത്തുന്ന എത്ര പേരാണ് സ്വന്തം മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ വിടുന്നതെന്നും മന്ത്രി ചോദിച്ചു. കുട്ടിക്കാലത്തെ സ്കൂളില്‍ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ടിവികെ മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് കീര്‍ത്തന. മന്ത്രി എന്തൊക്കെ പറ‍ഞ്ഞാലും ചെയ്‌തത് ശരിയല്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

ENGLISH SUMMARY:

Tamil Nadu Industry Minister Keerthana has become the center of a political firestorm after a video surfaced showing her questioning the English proficiency of a student during a visit to a government school in Virudhunagar. During the interaction, the Minister asked a student, "What does your father do?", and subsequently criticized the teacher when the student failed to provide an immediate response in English. The incident intensified political tensions, with DMK leader Udhayanidhi Stalin accusing the Minister of shaming a student for political mileage rather than offering encouragement. In her defense, Minister Keerthana argued that she was not insulting the child, sharing her own experiences of struggling with English after graduating from a Tamil-medium government school. She emphasized that she is committed to learning and questioned the hypocrisy of her critics, noting that many of them do not send their own children to government schools. Despite her clarification, social media remains divided, with many continuing to criticize the Minister's approach to interacting with the student in front of the media.