ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ ചിത്രത്തെ ചൊല്ലി തമിഴ്‌നാട്ടില്‍ വിവാദം. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ‘ഗോഡ് ഓഫ് വാര്‍’ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദു പുരാണ ചിത്രത്തിനെതിരെയാണ് വ്യാപക വിമര്‍ശനമുയരുന്നത്. ഹിന്ദു ദൈവമായ മുരുഗനെ കുറിച്ചുള്ളതാണ് ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് നിര്‍മാതാവ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പ്രെമോഷന്‍ പോസ്റ്ററിനൊപ്പം നിര്‍മാതാവ് കുറിച്ച ക്യാപ്ഷനാണ് വിവാദത്തിന് തിരികൊളുത്തിയത്.
ചിത്രത്തിന്റെ നിര്‍മാതാവ് എസ്. നാഗവംശി എക്സില്‍ പങ്കുവച്ച ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിനൊപ്പം ‘Born in north, Forged in the heart land, Worshipped in the south’ എന്നാണ് കുറിച്ചിരിക്കുന്നത്. മുരുഗന്റെ ആയുധമായ വേലിനോട് സാദൃശ്യമുള്ള ചിത്രമാണ് കാര്‍ഡിലുള്ളത്. മുരുഗനെപ്പറ്റിയുള്ള ചിത്രമെന്ന സൂചന നിലനില്‍ക്കെ ‘ഉത്തരേന്ത്യയില്‍ പിറന്നു’ എന്ന് കൊടുത്തതാണ് തമിഴ്‌നാട്ടുകാരെ ചൊടിപ്പിച്ചത്. ജൂണ്‍ 29 നാണ് നാഗവംശി കാര്‍ഡ് പങ്കുവച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ സംവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ രാഷ്ട്രീയക്കാരും ഇത് ഏറ്റെടുത്തതോടെയാണ് തമിഴകത്ത് വിവാദം കത്തിപ്പടര്‍ന്നത്.
എന്‍ടികെ പാര്‍ട്ടി അധ്യക്ഷനും നടനുമായ സീമാന്‍ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മുരുഗന്‍ തമിഴനാണെന്നും തമിഴ് എന്നാല്‍ മുരുഗനാണെന്നും സീമാന്‍ പറഞ്ഞു. ഇതിനെ വേര്‍തിരിക്കാനാവില്ല, ഇത് തമിഴരുടെ സംസ്കാരവും ജീവിത രീതിയുമാണെന്നും സീമാന്‍ വ്യക്തമാക്കി. മുരുഗന്‍ വടക്കേ ഇന്ത്യയില്‍ ജനിച്ചുവെന്ന തരത്തിലുള്ള കഥകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ കൂട്ടായി തമിഴ് ജനത എതിര്‍ക്കണമെന്നും സീമാന്‍ ആഹ്വാനം ചെയ്‌തു.
ഇതിനുപുറമേ നിരവധി പുരോഹിതരും വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ഇതോടെ തമിഴ് ചാനലുകളിലും മുരുഗന്‍ വിവാദം ചര്‍ച്ചയായി തുടങ്ങി. വിവാദത്തില്‍ ചിത്രത്തിന്റെ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. നിലവില്‍ ചിത്രം പ്രീപ്രൊഡക്‌ഷന്‍ ഘട്ടത്തിലാണ്.