Image: x.com/FSUIINDIA
വെനസ്വേലയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് പറയപ്പെടുന്ന ഇന്ത്യൻ നാവികന്റെ മരണത്തിൽ ദുരൂഹത ഏറുന്നു. നാട്ടിലെത്തിച്ച മൃതദേഹത്തിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശം തുടങ്ങി ഒരൊറ്റ ആന്തരികാവയവം പോലും അവശേഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ 33-കാരൻ രാകേഷ് ചൗഹാന്റെ മരണത്തിലാണ് ദുരൂഹത വര്‍ധിക്കുന്നത്.
2025 നവംബറിലാണ് ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ രാകേഷ് ചൗഹാൻ കപ്പൽ ജീവനക്കാരനായി വെനസ്വേലയിലെത്തുന്നത്. കഴിഞ്ഞ മേയില്‍ കപ്പലിൽ വെച്ച് രാകേഷ് മരണപ്പെട്ടതായി കമ്പനി അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് മരണകാരണം ഹൃദയാഘാതമാണെന്ന് തിരുത്തിപ്പറഞ്ഞു. മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കാമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നെങ്കിലും, ഒരു മാസത്തിന് ശേഷം ജൂൺ നാലിനാണ് മൃതദേഹം ദേവരിയയിൽ എത്തിയത്.
എന്നാല്‍ മൃതദേഹത്തിന്റെ അവസ്ഥയിൽ സംശയം തോന്നിയ കുടുംബം ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലാണ് ശരീരത്തിൽ ആന്തരികാവയവങ്ങളൊന്നും തന്നെയില്ലെന്ന് വ്യക്തമായത്. തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പ്ലീഹ, ആമാശയം, കുടലുകൾ, തൈറോയ്ഡ്, ശ്വാസനാളം എന്നിവയെല്ലാം ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട നിലയിലാണ്. കഴുത്ത് മുതൽ വയറുവരെ 22 തുന്നലുകളും, തലയുടെ പിൻഭാഗത്തായി 21 തുന്നലുകളും മൃതദേഹത്തിലുണ്ടായിരുന്നു. ശരീരത്തിൽ ആന്തരികാവയവങ്ങൾ ഇല്ലാത്തതിനാൽ റീ പോസ്റ്റ്മോര്‍ട്ടത്തിലും മരണകാരണം കൃത്യമായി നിർണ്ണയിക്കാൻ ഡോക്ടർമാർക്ക് സാധിച്ചിട്ടില്ല.
സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) രംഗത്തെത്തിയിട്ടുണ്ട്. വെനസ്വേലൻ അധികൃതരിൽ നിന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ കൃത്യമായ മരണകാരണം സംബന്ധിച്ച റിപ്പോര്‍ട്ടോ ലഭിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും നാവികർ ബലിയാടുകളാക്കപ്പെടുകയാണെന്നും സംഘടന ആരോപിച്ചു. ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഫെഡറേഷൻ എക്സില്‍ കുറിച്ചു.
സാധാരണയായി പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ പരിശോധനകൾക്കായി ആന്തരികാവയവങ്ങൾ നീക്കം ചെയ്യാറുണ്ട്. എന്നാൽ ഇവിടെ മൃതദേഹത്തിൽ ഒരൊറ്റ അവയവം പോലും ബാക്കി വെക്കാതെ നീക്കം ചെയ്തത് എന്തിനാണ് എന്ന ചോദ്യത്തിന് കമ്പനിയോ വെനസ്വേലൻ അധികൃതരോ ഇതുവരെ മറുപടി നൽകിയിട്ടില്ല. രാകേഷിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.