Image Credit : Twitter

വെനസ്വേലയെ തകര്‍ത്തെറിഞ്ഞ ഇരട്ടഭൂചലനത്തില്‍ നിന്ന് ജീവിതം തിരിച്ചുപിടിച്ച് ജിസേല്‍ എന്ന നായക്കുട്ടി. കെട്ടിടങ്ങള്‍ക്കടിയില്‍ അഞ്ച് ദിവസം മരണത്തെ മുഖാമുഖം കണ്ടശേഷമാണ് ജിസേലിന്‍റെ ജീവിതത്തിലേക്കുളള തിരിച്ചുവരവ്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി നക്കുകയും അവര്‍ക്ക് നേരെ വാലാട്ടുകയും ചെയ്യുന്ന ജിസേലിന്‍റെ വിഡിയോ സൈബര്‍ലോകത്തിന്‍റെ ഹൃദയം കീഴടക്കുകയാണ്. പ്രതീക്ഷയുടെ പ്രതീകമെന്നാണ് ജിസേലിനെ സോഷ്യല്‍ലോകം വിശേഷിപ്പിച്ചത്.

നൂറുകണക്കിന് മനുഷ്യജീവനുകൾ പൊലിഞ്ഞ ദുരന്തഭൂമിയില്‍ നിന്നാണ് ജീവിതത്തിലേക്കുളള ജിസേലിന്‍റെ മടങ്ങിവരവ്. ഏകദേശം 2000നടുത്ത് ആളുകള്‍ക്ക് ഭൂചലനത്തില്‍ ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് കൊച്ചുനായക്കുട്ടിയായ ജിസേലിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്. അപ്പോഴേക്കും ദുരന്തം നടന്ന് 5 ദിവസം പിന്നിട്ടിരുന്നു.

വെനസ്വേലയിലെ ലാ ഗ്വൈറ സംസ്ഥാനത്തുള്ള കരാബല്ലേഡ എന്ന തീരദേശ നഗരത്തില്‍ നിന്നാണ് ജിസെലിനെ കണ്ടെത്തിയത്. ഭയന്നുവിറച്ച നിലയിലായിരുന്നു ആ സമയം നായക്കുട്ടി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തേക്കെടുത്ത നിമിഷം ഏറെ നന്ദിയോടെയും സ്നേഹത്തോടെയുമാണ് മിണ്ടാപ്രാണി കൂടിയായ ജിസേല്‍ പ്രതികരിച്ചത്. ജിസേലിനെ കണ്ടെത്തിയ വിഡിയോയ്​ക്കൊപ്പം ഉടമകളെ തിരഞ്ഞുളള കുറിപ്പും എൽ സാൽവഡോർ പ്രസിഡന്റ് നയീബ് ബുക്കെലെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോ അതിവേഗം പ്രചരിച്ചതോടെ, ജിസേലിന്റെ അതിജീവനത്തെയും രക്ഷാപ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

 

 

 

ENGLISH SUMMARY:

Giselle the puppy's incredible survival story from the Venezuela earthquake is inspiring the world. Found alive after five days trapped under rubble, her heartwarming reaction to rescuers has captured global attention.