വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തിൽ മരണപ്പെട്ടവരില്‍ അർജന്റീനൻ ഫുട്ബോൾ താരം ലൂക്കാസ് ട്രെഹോയുടെ ഭാര്യയും രണ്ട് മക്കളും. വെനസ്വേലൻ ഫുട്ബോൾ ക്ലബ്ബായ മാരിറ്റിമോ ലാ ഗ്വൈറയുടെ അർജന്റീനൻ പ്രതിരോധ താരമാണ് ലൂക്കാസ് ട്രെഹോ. അദ്ദേഹത്തിന്‍റെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ, ഐൻഹോവ ട്രെഹോ എന്നിവരാണ് ശക്തമായ ഭൂകമ്പത്തിൽ യാരാകൂയ് മേഖലയിലെ കെട്ടിടം തകർന്ന് മരിച്ചത്. ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിനിടെ എത്തിയ ദുരന്തവാര്‍ത്ത ആരാധകരെയും കണ്ണീരിലാഴ്ത്തുകയാണ്.

ഇരട്ട ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച തീരദേശ മേഖലയായ പ്ലായ ഗ്രാൻഡെയിലായിരുന്നു ട്രെഹോയുടെ കുടുംബം താമസിച്ചിരുന്നത്. ഭൂകമ്പത്തിന് പിന്നാലെ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് സമുച്ചയം തകരുകയും കുടുംബത്തെ കാണാതാവുകയും ചെയ്തിരുന്നു. അപകടവിവരമറിഞ്ഞതിനെത്തുടർന്ന് താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ തന്‍റെ കുടുംബത്തിനായി പ്രാർത്ഥിക്കാനും വിവരമെന്തെങ്കിലും ലഭിച്ചാൽ പങ്കുവെക്കാനും അഭ്യർത്ഥിച്ചിരുന്നു. ‘പ്ലായ ഗ്രാൻഡെയിലെ ഞങ്ങളുടെ കെട്ടിടം തകർന്നു വീണു. എന്റെ കുടുംബത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. ദയവായി അവർക്കായി പ്രാർത്ഥിക്കുക, ആരെങ്കിലും അവരെ കണ്ടിട്ടുണ്ടെങ്കിൽ അറിയിക്കുക. അവർ അവിടെ ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം’ എന്നായിരുന്നു ട്രെഹോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

എന്നാല്‍ ബന്ധുക്കളും രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. മത്സരത്തിനായി തന്‍റെ ക്ലബ്ബായ മാരിറ്റിമോയോടൊപ്പം കാരക്കാസിലായിരുന്നതിനാൽ ലൂക്കാസ് ട്രെഹോ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ‘ഞങ്ങളുടെ കളിക്കാരനായ ലൂക്കാസ് ട്രെഹോയുടെ ഭാര്യയുടേയും മക്കളുടെയും വിയോഗത്തിൽ ലാ ഗ്വൈറ കുടുംബം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതിനൊപ്പം ലൂക്കാസിനും പ്രിയപ്പെട്ടവർക്കും ഈ ആഘാതം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’– ക്ലബ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, ജൂൺ 24-ന് വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പം രാജ്യത്ത് വൻ നാശനഷ്ടമാണ് വിതച്ചത്. ദുരന്തത്തിൽ ആയിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക വിലയിരുത്തൽ. ഏകദേശം 67.6 ലക്ഷം ആളുകളെ ഈ ദുരന്തം ബാധിച്ചിട്ടുണ്ടാകാമെന്നാണ് യു.എൻ മൈഗ്രേഷൻ ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

The football community is deeply mourning a devastating personal tragedy following confirmation that the wife and two children of Argentine defender Lucas Trejo perished in the Venezuela doublet earthquakes. The tragic victims were identified as Yanina Maranella and her young children, Aaron and Ainhoa Trejo, who were trapped beneath a collapsed apartment complex in the high-casualty Yaracuy region. The family resided in Playa Grande, a coastal zone that bore the absolute brunt of the severe twin seismic shocks that measuring up to 7.5 on the Richter scale. Following the initial structural collapse, the professional athlete took to his official Instagram account in a desperate bid to solicit any information regarding his missing family members. Search and rescue personnel alongside local volunteers eventually recovered their bodies from the building rubble after days of intensive clearing operations. Trejo, who currently plays for the local Venezuelan football club Marítimo La Guaira, fortunately escaped physical harm as he was away in Caracas for a scheduled match.