Image Credit: BBC

 

ഈ മാസം 24 നാണ് വെനസ്വേലയെ വിറപ്പിച്ച് ഇരട്ടഭൂകമ്പങ്ങള്‍ ഉണ്ടായത്. 1450 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വെനസ്വേലന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമായാണ് ഈ ഇരട്ട ഭൂചലനത്തെ കരുതുന്നത്. എന്നാല്‍ വേദനയാകുന്ന വാര്‍ത്തകള്‍ക്കിടയില്‍ കൗതുകവും പ്രതീക്ഷയേകുന്നതുമാണ് രക്ഷപ്പെട്ട ഒരമ്മയുടെയും നവജാത ശിശുവിന്‍റെയും അനുഭവകഥ. 

അപകടാവശിഷ്ടത്തില്‍ നിന്നും അമ്മയെയും കുഞ്ഞിനെയും പുറത്തെടുക്കുന്ന വിഡിയോ ഈയടുത്ത് വൈറലായിരുന്നു. ഡയാന പറ്റീനോ എന്ന യുവതിയേയും ദിവസങ്ങള്‍ മാത്രം പ്രായമുള്ള മകന്‍ ഹുവാന്‍ ഡേവിഡിനെയുമാണ് രക്ഷപ്പെടുത്തിയത്. ദുരന്തം ഏറ്റവും ഗുരുതരമായി ബാധിച്ച ല ഗ്വിയേറ പട്ടണത്തിലെ തന്‍റെ 18ാം നിലയിലുള്ള അപാര്‍ട്ട്മെന്‍റില്‍ പാത്രം കഴുകുകയായിരുന്നു ഡയാന. ഇതിനിടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 

ഉടന്‍ തന്നെ ഡയാന കുട്ടിയുടെ തൊട്ടിലിലേക്ക് ഓടിയെത്തുകയും കുഞ്ഞിനെ എടുത്ത് നെഞ്ചോട് ചേര്‍ക്കുകയുമായിരുന്നു. എന്നാല്‍ പൊടുന്നനെ താന്‍ പറക്കുന്നത് പോലെ അനുഭവപ്പെട്ടെന്നും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഫര്‍ണീച്ചറുകള്‍ക്കിടയിലും കുടുങ്ങിപ്പോയെന്നും ഡയാന പറയുന്നു. ചുറ്റും ഇരുട്ട്, വെള്ളവും മണ്ണും കുത്തിയൊലിച്ച് നിറയുന്നു. തല ഒരു പാറയിലും കാല്‍ ഒരു കോണ്‍ക്രീറ്റ് കഷണത്തിനിടയിലും കുടുങ്ങിയ അവസ്ഥയിലായിരുന്നു ഡയാന. ഇതിനിടെ കുഞ്ഞ് മരിച്ചോ എന്ന് ഡയാന ഭയപ്പെട്ടു.

കുഞ്ഞിന്‍റെ മൂക്കില്‍ തൊട്ടുനോക്കിയപ്പോള്‍ കുഞ്ഞ് ശ്വസിക്കുന്നുണ്ടെന്ന് വ്യക്തമായി. അനങ്ങാനാവാതെ ഉച്ചത്തില്‍ നിലവിളിക്കാന്‍ മാത്രമേ തനിക്ക് സാധിച്ചുള്ളുവെന്ന് ഡയാന പറഞ്ഞു. തന്‍റെ കാല് കൊണ്ട് തടഞ്ഞ് നോക്കിയപ്പോള്‍ താന്‍ നില്‍ക്കുന്നത് ഒരു ബൈബിളിന്‍റെ മുകളിലാണെന്ന് തനിക്ക് മനസിലായെന്നും ഇത് ആത്മവിശ്വാസം നല്‍കിയെന്നും ഡയാന പറഞ്ഞു. 

തുടര്‍ന്ന് തന്‍റെ സഹോദരന്‍ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് തന്‍റെ പേര് വിളിച്ച് കരയുന്നത് കേട്ടെന്നും ഡയാന പറഞ്ഞു. ഡയാന ഇതിന് പ്രതികരിച്ചു. ഡയാന കുടുങ്ങിയ സ്ഥലം കണ്ടെത്തിയ തിരച്ചില്‍ സംഘം മണിക്കൂറുകള്‍ക്ക് ശേഷം ഡയാനയേയും കുഞ്ഞിനെയും പുറത്തെടുക്കുകയായിരുന്നു. 

ഡയാനയുടെ രണ്ട് കാലുകള്‍ക്കും പരുക്കുണ്ട്, എങ്കിലും കുഞ്ഞ് ഹുവാന് ഗുരുതരമായ പരുക്കുകളൊന്നുമില്ല. ഇരുവരും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്. എന്നാല്‍ അപകടത്തില്‍ നഷ്ടമായ തങ്ങളുടെ അരുമ നായയെക്കുറിച്ച് വേദനയും ഡയാന പങ്കുവയ്ക്കുന്നുണ്ട്. 

ENGLISH SUMMARY:

A mother and her newborn baby miraculously survived a devastating double earthquake in Venezuela, a testament to resilience amidst tragedy. Their harrowing experience, trapped in rubble for hours, highlights an incredible story of survival against all odds.