Image: @ndtv
ഗര്‍ഭാവസ്ഥയിലിരിക്കുന്ന കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന വേണമെന്ന ഭര്‍ത്താവിന്റെ നിരന്തര ആവശ്യത്തിനു പിന്നാലെ ഗര്‍ഭിണി ജീവനൊടുക്കി. തെലങ്കാന അല്ലാദര്‍ഗിലെ ഗാഡിപെഡ്ഡപ്പുരിലാണ് സംഭവം.
ഭര്‍ത്താവിന്റേയും ഭര്‍തൃമാതാവിന്റേയും നിരന്തര പീഡനത്തെത്തുടര്‍ന്നാണ് 23കാരിയായ ഗര്‍ഭിണി സുഷ്മിത ജീവനൊടുക്കിയത്. ഗര്‍ഭാവസ്ഥയിലിരിക്കുന്ന കുഞ്ഞിന്റെ പിതാവിന്റെ കാര്യത്തില്‍ സംശയമുണ്ടെന്നും ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടതാണ് യുവതിയെ കടുംകൈയ്ക്ക് മുതിരാന്‍ പ്രേരിപ്പിച്ചത്. 5 മാസം ഗര്‍ഭിണിയായ സുഷ്മിതയുടേയും ജി. അഭിലാഷിന്റേയും വിവാഹം18 മാസങ്ങള്‍ക്ക് മുന്‍പായിരുന്നു.
കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച അഭിലാഷും ഭര്‍തൃമാതാവും സുഷ്മിതയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് അമ്മ ജാനബായി നല്‍കിയ പരാതിയില്‍ പറയുന്നു. സുഷ്മിതയുടെ ബേബി ഷവര്‍ ചടങ്ങ് നടത്താനുള്ള ക്രമീകരണങ്ങളെക്കുറിച്ച് സംസാരിക്കാനായി താനും ഭര്‍ത്താവും കൂടി ഈ മാസം 23ന് അഭിലാഷിന്റെ വീട്ടിലെത്തിയിരുന്നെന്നും, ആസമയത്ത് കുഞ്ഞിന്റെ പിതൃത്വം ചോദിച്ചുള്ള തര്‍ക്കങ്ങള്‍ നടക്കുകയായിരുന്നെന്നും സുഷ്മിതയുടെ അമ്മ പറയുന്നു.
മധ്യസ്ഥര്‍ ഇടപെട്ട് ആ തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും സുഷ്മിതയ്ക്കു നേരെയുള്ള വീട്ടുകാരുടെ ഉപദ്രവം തുടരുകയായിരുന്നു. ഈ സംഭവം നടന്ന് രണ്ടാംദിവസമാണ് സുഷ്മിത ജീവനൊടുക്കിയത്. മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജാനാബായി പറയുന്നു. സുഷ്മിതയുടെ അമ്മയുടെ പരാതിയില്‍ അഭിലാഷിനും അമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇപ്പോള്‍ സന്‍ഗാറെഡ്ഡി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.