അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആസൂത്രിതമെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭാവന കൈകാര്യം ചെയ്യുന്നതില്‍ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് അവഗണിച്ചു. രണ്ട് കോടിരൂപയുടെ വെള്ളി ഇഷ്ടിക നല്‍കിയയാള്‍ക്ക് രസീത് ലഭിച്ചില്ലെന്നും വെളിപ്പെടുത്തല്‍. വന്‍തുക സംഭാവന നല്‍കിയ വ്യവസായികളുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എസ്.ഐ.ടി.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വെട്ടിച്ചത് ആസുത്രിതമായെന്നും ഏറെനാളായി ക്രമക്കേടുണ്ടെന്നും തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭാവന വിനിയോഗിക്കുന്നത് മാനദണ്ഡങ്ങളില്ലാതെയാണെന്ന് സ്വകാര്യ ഓഡിറ്റ് സ്ഥാപനം, ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച 2020ല്‍തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പണം കൈകാര്യംചെയ്യുന്നതിന് നിയതമായ രീതിവേണമെന്ന നിര്‍ദേശവും ഭാരവാഹികള്‍ അവഗണിച്ചു. 3,500 കോടി രൂപ നേരിട്ട് പണമായും പുറമെ സ്വര്‍ണം, വെള്ളി തുടങ്ങിയവയും സംഭാവനയായി ലഭിച്ചിരുന്നു. എന്നാല്‍ ഒന്നിനും കൃത്യമായ സ്റ്റോക്ക് റജിസ്റ്ററില്ലെന്നും ഓഡിറ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അയോധ്യയില്‍ 2 കോടി രൂപയുടെ വെള്ളി ഇഷ്ടിക നല്‍കിയിട്ടും രസീത് ലഭിച്ചില്ലെന്ന് സിന്ധി സമുദായത്തിനായി സംഭാവന നല്‍കിയ വ്യവസായി ഡോ.രാജു മാൻവാനി വെളിപ്പെടുത്തി. രാമക്ഷേത്ര നിര്‍മാണത്തിലേക്ക് 200 വെള്ളി ഇഷ്ടികകൾ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കാണ് നല്‍കിയത്. അവ എന്തുചെയ്തെന്ന് അറിയില്ലെന്നും രാജു.
മൂന്നുകിലോ വെള്ളി ഹാരവും, പാദുകങ്ങളും സമർപ്പിച്ച മുംബൈയിലെ വ്യവസായി അനിൽ വിശ്വകർമ്മയ്ക്കും രസീത് നൽകിയിരുന്നില്ല. ഇയാളുടെയുള്‍പ്പെടെ മൊഴിയെടുത്ത് അന്വേഷണം വിപുലമാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതിനിടെ ചമ്പത് റായിയെ തള്ളി വിഎച്ച്പി നിലപാട് വ്യക്തമാക്കി. ട്രസ്റ്റിലെ ആര് കുറ്റം ചെയ്താലും ആ വ്യക്തി ശിക്ഷിക്കപ്പെടണമെന്ന് ജോയിൻ്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു. ദൈവത്തിന്റെ പേരിൽ ബിജെപി ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നുവെന്ന് സിപിഎം. തട്ടിപ്പിലും ക്രമക്കേടിലും പങ്കുള്ള എല്ലാവർക്കുമെതിരെ കേസെടുക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ ശുപാർശ.