അയോധ്യ രാമക്ഷേത്രത്തില്‍ ഏറ്റവുകൂടുതല്‍ തട്ടിപ്പ് നടന്നത് കഴിഞ്ഞ കുംഭമേളയുടെ സമയത്തെന്ന് നിഗമനം. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ഭാരവാഹികളും അയോധ്യ വിട്ടുപോകരുതെന്ന് എസ്.ഐ.ടി നിര്‍ദേശിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് കൈമാറും. സംഭാവന എണ്ണി തിട്ടപ്പെടുത്തുന്ന രീതി പരിഷ്കരിക്കണമെന്നതടക്കം തട്ടിപ്പുതടയാനായി എസ്.ഐ.ടി ശുപാര്‍ശകളും നല്‍കും.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വെട്ടിപ്പില്‍ ഞെട്ടിപ്പിക്കുന്ന കുടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. 200 കോടി രൂപയൂടെ വെട്ടിപ്പെന്നാണ് ആദ്യമുയര്‍ന്ന ആരോപണം ഇപ്പോള്‍ 1,400 കോടിയുടെവരെ ക്രമക്കേടിലേക്ക് വിരല്‍ചൂണ്ടുന്നു. അയോധ്യയില്‍ ഭക്ത ലക്ഷങ്ങളൊഴികുയ പ്രയാഗ്‌രാജിലെ കുംഭമേളയുടെ സമയത്താണ് കൂടുതല്‍ ക്രമക്കേട് നടന്നത് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിഗമനം. ക്ഷേത്രത്തില്‍ ഭക്തർ സമർപ്പിച്ച സ്വർണ്ണം, വെള്ളി, വജ്രം ഉള്‍പ്പെടെ ക്ഷേത്രത്തില്‍നിന്ന് കടത്തിയിട്ടുണ്ട്. വ്യാജ ഉരുപ്പടികളടക്കമുപയോഗിച്ച് നടത്തിയ ക്രമക്കേടിന് ക്ഷേത്രത്തിലെ തിരക്കും മറയാക്കി. കഴിഞ്ഞദിവസം നടന്ന ചോദ്യംചെയ്യലിലും ക്ഷേത്ര ഭാരവാഹികള്‍ പലരുംതൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. ക്ഷേത്രം ട്രസ്റ്റ് അംഗങ്ങളും ഭാരവാഹികളും അയോധ്യ വിട്ടുപോകരുതെന്ന് ഇന്നലെ ക്ഷേത്രത്തിലെത്തിയ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം നിര്‍ദേശം നല്‍കി. ക്ഷേത്ര ഭാരവാഹികളെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയേക്കും.
സംഭാവന എണ്ണി തിട്ടപ്പെടുത്തുന്ന രീതി പരിഷ്കരിക്കാനും മേല്‍നോട്ടത്തിനായി പ്രത്യകം ആളുകളെ നിയോഗിക്കാനും എസ്.ഐ.ടി ശുപാര്‍ശ ചെയ്തു. പെട്ടികളില്‍നിന്ന് സംഭാവന പുറത്തെടുക്കുമ്പോള്‍ വിഡിയോ റെക്കോഡ് ചെയ്യണം, സംഭാവന തിട്ടപ്പെടുത്തുന്ന മുറിയിലേക്ക് കീശയില്ലാത്ത വസ്ത്രങ്ങളുമായി മാത്രമേ പ്രവേശനം അനുവദിക്കാവു. സംഭാവനകള്‍ ഒാരോ ആഴ്ചയും ഓഡിറ്റ് ചെയ്യണം. ക്ഷേത്രത്തില്‍ സിസിടിവി ക്യാമറകള്‍ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. അന്വേഷണത്തിന്‍റെ ദൈനംദിന റിപ്പോര്‍ട്ട് എസ്.ഐ.ടി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെ അറിയിക്കുന്നുണ്ട്. 15 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം ഉറപ്പുനല്‍കിയിരുന്നു.