ayodhya-temple-scam

അയോധ്യ സംഭാവനക്കൊള്ളയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തില്‍ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന ജീവനക്കാരിൽ 25 പേർ രാജിവച്ചു.  ജോലി സമയം കൂട്ടി, വേതനം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് കാണിക്ക എണ്ണുന്ന 25 ജീവനക്കാര്‍ രാജിവച്ചത്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ ജീവനക്കാര്‍ പ്രതിഷേധമായെത്തി സംഭാവന എണ്ണലിന്‍റെ മേൽനോട്ട ചുമതലയുള്ള എസ്ബിഐ ബ്രാഞ്ചിലാണ് രാജി നൽകിയത്. 

സംഭാവനക്കൊള്ളയിൽ അന്വേഷണ നടപടികള്‍ ഭയന്നാണ് രാജിയെന്നാണ് സൂചന. കൂട്ടരാജിയോടെ കാണിക്ക എണ്ണുന്നതിന് ആവശ്യത്തിന് ജീവനക്കാരില്ലാതായി. നോട്ടെണ്ണൽ യന്ത്രത്തില്‍ സംഭാവന തുക എണ്ണുന്നതിനായി നോട്ടുകൾ വേർതിരിക്കുന്നതിനുമുമ്പാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത് എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.  മൂന്ന് പ്രതികളുടെ വീടുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ നോട്ടുകെട്ടുകളും ആഭരണങ്ങളും കണ്ടെടുത്തു. അനുകൽപ് മിശ്രയുടെ വീട്ടിൽനിന്ന് ഒരേക്കർ ഭൂമിയുടെ രേഖകൾ കണ്ടെത്തി.  

ക്ഷേത്ര കൊള്ളയിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ പ്രതിഷേധം ശക്തമാക്കാനായി രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും കോൺഗ്രസ് വാര്‍ത്ത സമ്മേളനം നടത്താനാരംഭിച്ചു. സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇന്ന് വാര്‍ത്ത സമ്മേളനം നടത്തി. പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം, സാമ്പത്തിക അഴിമതി, ട്രസ്റ്റിന്റെ ബാധ്യത, മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് എന്നിവ വാർത്താസമ്മേളനത്തിലൂടെ ജനങ്ങൾക്കു മുൻപിൽ തുറന്നുകാട്ടുകയാണ് ലക്ഷ്യം. അയോധ്യ ക്ഷേത്ര സി.ഇ.ഒയെ നിയമിക്കുന്നതിനുള്ള  പ്രധാന മാനദണ്ഡം ശ്രീരാമ ഭക്തിയെന്ന് സെർച്ച് പാനൽ അംഗം സുരേഷ് ഹവാരെ പ്രതികരിച്ചു.

ENGLISH SUMMARY:

Twenty-five employees responsible for counting offerings at the Ayodhya Ram Temple have resigned en masse, citing increased work hours and wage cuts, though there is speculation that the move is linked to fear of the ongoing investigation into the massive donation fraud. The SIT probe has revealed that the accused were stealing money during the manual sorting phase before the notes were fed into counting machines; police have since seized cash, jewelry, and land documents from the suspects' homes. Meanwhile, the Congress party has launched a nationwide protest, with senior leaders including K.C. Venugopal holding press conferences in major cities to target the central government and the Prime Minister over corruption and alleged mismanagement of the temple trust.