BadrinathTemple

ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനകൊള്ള പ്രത്യേക സമിതി അന്വേഷിക്കും.  ട്രസ്റ്റ് ചെയർമാന്‍റെ പെഴ്‌സണൽ അസിസ്റ്റന്‍റിനെ സസ്‌പെൻഡ് ചെയ്തു. അയോധ്യയിൽ സുരക്ഷാ വീഴ്ചകളും കൊള്ളയ്ക്ക് കാരണമായെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട്.  മൂന്ന് പ്രതികളുമായി തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

ഉത്തരഖണ്ഡ് ബദരീനാഥ് ക്ഷേത്രത്തിലെ ക്രമക്കേട് ആരോപണം അന്വേഷിക്കാൻ നാലംഗ ഉന്നതാധികാര സമിതിയാണ് സർക്കാർ രൂപീകരിച്ചത്.  ഗർവാൾ കമ്മിഷണർ ആനന്ദ് സ്വരൂപ് നേതൃത്വം നൽകും. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.  ക്രമക്കേടിൽ ക്ഷേത്ര ട്രസ്റ്റ്‌ അച്ചടക്ക നടപടിയും തുടങ്ങി.  ചെയർമാന്‍റെ ഓഫിസിലെ പെഴ്‌സണൽ അസിസ്റ്റന്‍റ് പ്രമോദ് നൗട്ടിയാലിനെ സസ്‌പെൻഡ് ചെയ്തു. നൗട്ടിയാലിൽ നിന്ന് വിശദീകരണവും തേടി. ‌ പ്രതിവര്‍ഷം 125 കോടി രൂപവരെ ബദരീനാഥില്‍ സംഭാവന ലഭിക്കാറുണ്ടെന്നാണ് കണക്ക്.  

അയോധ്യ രാമക്ഷേത്രത്തിൽ സംഭാവനക്കൊള്ളയ്ക്ക് കാരണമായ വീഴ്ചകള്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തുന്നുണ്ട്.  സംഭാവന എണ്ണുന്ന മുറിയിലേക്ക് ജീവനക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും ആവശ്യമായ പരിശോധനകൾ ഉണ്ടായിരുന്നില്ല.  ജീവനക്കാരുടെ വസ്ത്രധാരണ രീതിയില്‍ യാതൊരു നിർദേശങ്ങളും നൽകിയിരുന്നില്ല.  ഓരോ ഭണ്ഡാരത്തിലെയും സംഭാവനകൾ പ്രത്യേകം എണ്ണിയിരുന്നില്ല. നോട്ടുകൾ തരംതിരിച്ച് എണ്ണുന്ന രീതിയില്ലാത്തതടക്കം നടപടിക്രമങ്ങൾ പാലിക്കാത്തത് വലിയ വീഴ്ചയാണെന്ന് എസ്.ഐ.ടി.  

ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര, കരുണേഷ് പാണ്ഡെ എന്നീ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വിധേയരാക്കുകയാണ്.  ഈ പ്രതികളാണ് കൂടുതൽപണവും സംഭാവന വസ്തുക്കളും കൊള്ളയടിച്ചതെന്നാണ് കണ്ടെത്തൽ.

ENGLISH SUMMARY:

Badrinath temple donation irregularities are being investigated by a four-member high-power committee formed by the government, following allegations of a donation scam. The personal assistant to the temple trust chairman has been suspended as part of the disciplinary action, with the investigation expected to shed light on potential corruption in fund handling.