അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് മുന്‍ കര്‍സേവകന്‍ സന്തോഷ് ദുബേ മനോരമ ന്യൂസിനോട്. പുതിയ ഭരണസംവിധാനം ഏര്‍പ്പെടുത്തിയാലേ കൊള്ള അവസാനിക്കു. കൊള്ളക്കാരെ ട്രസ്റ്റ് അംഗങ്ങളാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും സന്തോഷ് ദുബെ തുറന്നടിച്ചു. ചമ്പത്ത് റായ്‌യുടെയും മിശ്രയുടെയും രാജി ഭക്തരെ കബളിപ്പിക്കാനാണ്. ജയിലിൽ പോകേണ്ടവരെ രാജിക്കത്ത് വാങ്ങി രക്ഷപ്പെടുത്താനാണ് ശ്രമം. യോഗി ആദിത്യനാഥ് തെറ്റുചെയ്യുമെന്നു കരുതുന്നില്ല. എന്നാൽ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും സന്തോഷ് ദുബെ അയോധ്യയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ എല്‍.കെ.അഡ്വാനിക്കൊപ്പം പ്രതിചേർക്കപ്പെട്ടയാളാണ് സന്തോഷ് ദുബെ.
അതേസമയം അയോധ്യ സംഭാവനക്കൊള്ള കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പിൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ പേരിലുള്ള വ്യാജ രസീതുകൾ ഉൾപ്പെടെ കണ്ടെടുത്തു. ഈ രസീതുകൾ ഉപയോഗിച്ച് സംഭാവന പിരിച്ചെന്ന് പ്രതികൾ സമ്മതിച്ചതായാണ് വിവരം. ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര, കരുണേഷ് പാണ്ഡെ എന്നീ പ്രതികളുമായാണ് പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ അന്വേഷണം തുടരുകയാണ്.
ക്ഷേത്ര കമ്മിറ്റി ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് നൗട്ടിയാലിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അയോധ്യക്കും ബദരീനാഥിനും പിന്നാലെ മധ്യപ്രദേശിലെ പ്രശസ്തമായ ബാഗ്ലമുഖി ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നു. ജില്ലാ കലക്ടർ മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. സർക്കാർ നിയോഗിച്ച ക്ഷേത്ര കമ്മിറ്റിയിൽനിന്ന് വ്യത്യസ്തമായി, മറ്റൊരു സമിതി ഭക്തരിൽനിന്ന് പണവും സ്വർണ്ണവും വഴിപാടുകളും ശേഖരിച്ചുവെന്നാണ് ആരോപണം.