sensex-down-mmtv

ഓഹരി വിപണികള്‍ കൂപ്പുകുത്തി. യുഎസ്-ഇറാൻ യുദ്ധം വീണ്ടും തുടങ്ങിയത് വിപണിക്ക് ആഘാതമായി. സെന്‍സെക്സ് 1,677 പോയിന്റും നിഫ്റ്റി 516 പോയിന്റും ഇടിഞ്ഞു. നിഫ്റ്റി 23,900 മാര്‍ക്കിന് താഴെ എത്തി. എണ്ണവില ആറുശതമാനം കൂടി. ബ്രെന്റ് ക്രൂഡ് വില 5.66 ശതമാനം ഉയർന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 78.35 ഡോളറായി. യുഎസ്-ഇറാൻ സൈനിക സംഘർഷത്തില്‍ ആശങ്കയിലാണ് നിക്ഷേപകർ. 

ഇറാനുമായുള്ള ഇടക്കാല കരാർ അവസാനിച്ചതായി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ വിപണി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഉച്ചയ്ക്കുശേഷം സെൻസെക്‌സിന് 1,784 പോയന്റ് നഷ്ടമായി. നിഫ്റ്റി 541 പോയന്റ് ഇടിഞ്ഞ് 23,900 നിലവാരത്തിലെത്തുകയും ചെയ്തു. നിഫ്റ്റി മിഡ്, സ്‌മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനംവരെ തകർച്ച നേരിട്ടു. ഇതോടെ നിക്ഷേപകരുടെ സമ്പത്തിൽ 10 ലക്ഷം കോടിയിലധികം നഷ്ടമായി. 

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ നടത്തിയ പ്രസ്താവനയാണ് വിപണിയുടെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണം. ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചുവെന്നും ടെഹ്റാനുമായി ഇനി ചർച്ചകൾക്കില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഇറാനെതിരായ ട്രംപിന്റെ നിലപാടിനെ നാറ്റോ കൂടി അംഗീകരിച്ചതോടെ കാര്യങ്ങള്‍ വഷളാകുമെന്ന സ്ഥിതിയാണ്. 

ഇറാന്‍ ഭരണകൂടത്തെയും ജനങ്ങളെയും അതിരൂക്ഷമായാണ് ട്രംപ് വിമര്‍ശിച്ചത്. അവര്‍ നുണയന്‍മാരും ചതിയന്‍മാരും രോഗബാധിതരുമാണ്. ഇറാന്‍ ഭരണകൂടം കാന്‍സര്‍ പോലെയാണെന്നും എത്രയും പെട്ടെന്ന് അത് മുറിച്ചുമാറ്റണമെന്നും തുറന്നടിച്ച ട്രംപ്, ഇറാനുമായി കരാര്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും വ്യക്തമാക്കി. ടെഹ്റാനുമായി ഇനി ഇടപാടില്ലെന്നും, ഡീലുണ്ടാക്കി സമയം കളയാന്‍ താനില്ലെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.   

ENGLISH SUMMARY:

Stock market crash impacted heavily as US-Iran conflict resumed, leading to significant drops in Sensex and Nifty. Investor concerns over the escalated tensions and oil price surge contributed to the market downturn.