അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയിൽ മാംസാഹാര വിതരണം നിരോധിച്ച് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. ‘പഞ്ചകോശി പരിക്രമ’ എന്ന് അടയാളപ്പെടുത്തിയിട്ടുളള വിശുദ്ധ പ്രദേശങ്ങളിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നെന്ന് വ്യാപകമായി പരാതി ലഭിച്ചതോടെയാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അയോധ്യയിലെ ചില ഹോട്ടലുകളിലും ഹോംസ്റ്റേകളിലും അതിഥികൾക്ക് മാംസാഹാരവും മദ്യവും നൽകുന്നതായി റിപ്പോർട്ടുകളുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
രാമക്ഷേത്ര പരിസരത്തെ ഭക്ഷണശാലകളിലും നിലവില്‍ നോണ്‍ വെജ് നിരോധനമുണ്ട്. ഇനി മുതല്‍ സ്വിഗ്ഗി, സൊമാറ്റോ അടക്കമുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും നോണ്‍വെജ് വാങ്ങാനാകില്ല. അയോധ്യയേയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ദൈർഘ്യമുള്ള 'രാം പഥിൽ' മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിക്കാൻ 2025 മെയ് മാസത്തിൽ അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒന്‍പത് മാസമായി മദ്യവിൽപ്പനയ്ക്കുള്ള നിരോധനം നടപ്പിലായിട്ടില്ലെന്നും ഈ പാതയോരത്ത് ഇരുപതിലധികം മദ്യശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
അതേസമയം രാം പഥിന് സമീപത്ത് ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന മാംസക്കടകള്‍ പൂര്‍ണമായും നീക്കിയെന്നും മദ്യശാലകളുടെ കാര്യത്തില്‍ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണെന്നും മുന്‍സിപ്പല്‍ ഓഫീസര്‍ വ്യക്തമാക്കി.