നീറ്റ്- യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തില്‍ ജൂൺ 22 വരെ ടെലിഗ്രാമിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. പരീക്ഷാ നടത്തിപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് നടപടിയെന്നാണ് ഐടി മന്ത്രാലയം അറിയിക്കുന്നത്. നീറ്റ് പുനപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
നീറ്റ് (യുജി) പുനഃപരീക്ഷ നടക്കുന്ന ദിവസം മുതല്‍ ജൂൺ 22 വരെ ഇന്ത്യയിൽ ടെലിഗ്രാം നിരോധിച്ചതായാണ് അറിയിപ്പ്. ജൂൺ 30 വരെ ടെലിഗ്രാമിന്‍റെ മെസ്സേജ് എഡിറ്റിങ് ഫീച്ചർ ലഭ്യമാകുകയുമില്ല. പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പർ ചോർന്നതായി വ്യാജമായി തെളിവുണ്ടാക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ പിന്നീട് തിരുത്തി, നേരത്തെ ചോർന്നതാണെന്ന് വരുത്തിതീർക്കുന്ന രീതി തടയാനാണ് ഈ നടപടി.
നേരത്തെ തന്നെ നീറ്റ് പരീക്ഷാ പേപ്പർ ചോർന്നതായി അവകാശപ്പെട്ട് ടെലിഗ്രാമിൽ സജീവമായിരുന്ന നിരവധി ചാനലുകൾക്കെതിരെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ) പരാതിപ്പെട്ടിരുന്നു. ‘PAPER LEAKED NEET, Re-NEET 2026, ‘Private Mafia’ തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ചാനലുകൾ പണം വാങ്ങി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ചതായി പരാതികളും ഉയര്‍ന്നിരുന്നു.
ഇത്തരം ചാനലുകളെ ഓരോന്നായി നീക്കം ചെയ്തതുകൊണ്ട് മാത്രം തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് എൻടിഎ വിലയിരുത്തല്‍. തുടർന്നാണ് കർശന നടപടിയായി പ്ലാറ്റ്‌ഫോമിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഇടപെടലുകളും ഫലപ്രദമാകാതിരുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം വിലക്കിനെ സ്വാഗതം ചെയ്ത എന്‍ടിഎ രംഗത്തെത്തി. നീറ്റ് പരീക്ഷയെ സംബന്ധിച്ച് ടെലഗ്രാമിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതമാണെന്നും പരീക്ഷാ പ്രക്രിയ പൂർണ്ണമായും സുരക്ഷിതമാണെന്നും എൻടിഎ വ്യക്തമാക്കി. വിദ്യാർത്ഥികൾ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.