കാസര്‍കോട്ടെ ഇവിഎം ഹാക്കിങ് പരാതിയിൽ ഇതുവരെ തുടര്‍നടപടിയില്ല. രാജ്മോഹൻ ഉണ്ണിത്താൻ എംപി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി ഒരാഴ്ച കഴിഞ്ഞിട്ടും ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയില്ല. അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇവിഎം ഹാക്ക് ചെയ്ത് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാം എന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്നാണ് പരാതി. കാസർകോട്ടെ കോൺഗ്രസ് നേതാവ് ബി.എം.ജമാലിനെതിരെയാണ് ആരോപണം.
ബിജെപിയുടെ ഇവിഎം ഹാക്കിങ് പരാജയപ്പെടുത്താനുള്ള സാങ്കേതികവിദ്യ കൈവശമുണ്ടെന്നും 40 ലക്ഷം രൂപ തന്നാൽ അത് പ്രയോജനപ്പെടുത്താമെന്നും സ്ഥാനാർഥികളോട് പറഞ്ഞതായിട്ടാണ് പരാതി. വിഷയത്തിൽ യുഡിഎഫ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഫലം വരാൻ ഒരാഴ്ച ബാക്കി നിൽക്കെ കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് നേതൃത്വത്തെ സമീപിച്ചെന്നാണ് പരാതി. മഞ്ചേശ്വരത്ത് എ.കെ.എം.അഷറഫ് 2600 വോട്ടുകൾക്ക് തോൽക്കുമെന്നും ഇവിഎം ഹാക്ക് ചെയ്യാൻ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്നും ഇത് മറികടക്കാൻ വിദഗ്ധസംഘം തന്‍റെ കൂടെയുണ്ടന്നും നേതാവ് പറഞ്ഞെന്നാണ് ആരോപണം.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിഎം ഹാക്കിങ് തടയാൻ കോൺഗ്രസ് നേതാവ് പണം വാങ്ങിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. ഇവിഎം ഹാക്കിങ് തടയാൻ കോൺഗ്രസ് നേതാവ് പണം വാങ്ങിയിട്ടില്ലെന്ന് യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ ഗോവിന്ദൻ നായർ തന്നോടു പറഞ്ഞെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിയുടെ പരാമർശത്തിന് പിന്നാലെ അതേ വേദിയിൽവച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി പരാതി കൈമാറിയിരുന്നു. സംഭവത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അങ്ങനെയൊരു സംഭവമില്ലെങ്കിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
മഞ്ചേശ്വരം, കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളിൽ നിന്ന് ഹാക്കിങ് തടയാനെന്ന പേരിൽ 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. കെപിസിസിക്ക് പരാതി കിട്ടിയിട്ടില്ലെങ്കിലും സംഭവം അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ആരോപണവിധേയനായ വി.എം.ജമാൽ പറഞ്ഞു. കോൺഗ്രസ് അംഗവും വഖഫ് ബോർഡ് മുൻ സിഇഒയുമായ ജമാൽ, ഉദുമയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഇലക്‌ഷൻ ഏജന്‍റായിരുന്നു.