മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനുമായി എക്സൈസ് സംഘം വയനാട് വാഴവറ്റയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മദ്യം സൂക്ഷിച്ചിരുന്ന വീടിന്റെ ഉടമസ്ഥാവകാശം ആന്റോ നിഷേധിച്ചു. വീട്ടിലെ മുറികളെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു ആന്റോയുടെ വാദം. മദ്യം എങ്ങനെ അവിടെയെത്തിയെന്നും അറിയില്ലെന്ന് ആന്റോ പറഞ്ഞു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഉൾപ്പെടെ എക്സൈസ് സംഘം പരിശോധിച്ചു.
ഇതിനിടെ, മുഖ്യമന്ത്രിയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന വ്യാജ ആരോപണവുമായി ബന്ധപ്പെട്ട് കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയിലാണ് ആന്റോയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. ഈ കേസിലാണ് മുൻകൂർ ജാമ്യത്തിനായി ആന്റോ കോടതിയെ സമീപിച്ചത്. ബുധനാഴ്ച കോടതി കേസ് പരിഗണിക്കും.
അതേസമയം, ആന്റോ അഗസ്റ്റിനെതിരായ ക്രിമിനൽ കേസുകൾ മറച്ചുവച്ചാണ് മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ റിപ്പോർട്ടർ കമ്പനിക്ക് സ്പോൺസർഷിപ്പ് നൽകിയതെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മാത്രം ആന്റോയ്ക്കെതിരെ പത്ത് കേസുകൾ എടുത്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. വധഭീഷണി, സാമ്പത്തിക തട്ടിപ്പ് തുടങ്ങി പൊലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകൾ പട്ടികയിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ആന്റോയുടെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. പല പ്രധാനപ്പെട്ട രേഖകളും നീക്കം ചെയ്തതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചശേഷം മുൻ മന്ത്രി വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.