ഡല്‍ഹി ആര്‍.കെ.പുരം അയ്യപ്പക്ഷേത്രത്തില്‍ പുതിയതായി നിര്‍മിച്ച കെട്ടിടസമുച്ചയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. മലയാളികളടക്കമുള്ള വന്‍ ഭക്തജനാവലിയുടെ സാന്നിധ്യത്തില്‍ ആയിരുന്നുചടങ്ങ്.
ഡല്‍ഹിയിലെ അയ്യപ്പഭക്തരുടെ പ്രധാന ആരാധനാലയങ്ങളില്‍ ഒന്നായ ആര്‍.കെ.പുരം ക്ഷേത്രത്തില്‍ വന്‍ വരവേല്‍പാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ലഭിച്ചത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ശബരീശം എന്നുപേരിട്ട കെട്ടിട സമുച്ചയം ഭക്തര്‍ക്ക് സമര്‍പ്പിച്ചു.
ആത്മീയ പ്രഭാഷണങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും പുതിയ കെട്ടിടം വേദിയാകുമെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. കേരളത്തിൽ നിന്നുള്ള സഹോദരീ സഹോദരന്‍മാരുടെ സാംസ്കാരിക വേരുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കും. ക്ഷേത്രത്തില്‍ ദർശനം നടത്താൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചു എന്നും അമിത് ഷാ പറഞ്ഞു. ക്ഷേത്രം ഓഫിസ്, ഭക്തര്‍ക്ക് താമസിക്കാന്‍ മുറികള്‍, അന്നദാന മണ്ഡപം, വിവിധോദ്ദേശ്യ ഹോള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശബരീശം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം ബാംസുരി സ്വരാജും ആര്‍.കെ.പുരം എം.എല്‍.എ അനില്‍ശര്‍മയും ക്ഷേത്രം ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.