ഈസ്റ്റ് ഡൽഹിയിലെ വസുന്ധര എൻക്ലേവിൽ ഡൽഹി സർവകലാശാലയിലെ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. പൂട്ടിയിട്ട ഫ്ലാറ്റിനുള്ളിലാണ് ദേവസ്മിത പോൾ എന്ന അധ്യാപികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശിവാജി കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ് 49കാരിയായ ദേവസ്മിത പോള്‍. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ദേവസ്മിതയുടെ സഹോദരി ദേവാരതിയാണ് വിവരം പൊലീസിൽ അറിയിച്ചത്.
വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റിൽ തനിച്ചു താമസിക്കുന്ന ദേവസ്മിതയുടെ ഭർത്താവ് ബെംഗളൂരുവിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഫോണ്‍കോള്‍ ലഭിച്ചതെന്ന് ന്യൂ അശോക് നഗർ പോലീസ് പറയുന്നു. രാവിലെ മുതല്‍ ദേവസ്മിതയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നതോടെയാണ് താന്‍ ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയതെന്ന് സഹോദരി പൊലീസിനോട് പറഞ്ഞു.
ഭാരമുള്ള ആയുധം കൊണ്ട് തലയ്ക്കടിയേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ആഴത്തിലുള്ള മുറിവാണ് തലയില്‍ കണ്ടെത്തിയത്. അതേസമയം തന്നെ കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയിലുമായിരുന്നു. വീട്ടിലുണ്ടായിരുന്ന പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല.
പൊലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എല്‍ബിഎസ് ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.