ഡല്‍ഹി മാളവ്യ നഗറില്‍ റസ്റ്ററന്‍റില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 21 പേര്‍ക്ക് ദാരുണാന്ത്യം. 11 പേരെ രക്ഷപ്പെടുത്തി. ഒട്ടേറെപ്പേര്‍ക്ക് പൊള്ളലേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.50 ഓടെയാണ് ലെമൺ ഗ്രീൻ റെസ്റ്റോറന്റിൽ തീപിടിത്തമുണ്ടായത്. നിരവധി അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ ഏകദേശം 40 പേർ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. തീപിടിത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരണം കൂടുതലും ശ്വാസംമുട്ടിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഹോട്ടലും മുകളില്‍ അപാര്‍ട്മെന്‍റുകളുമാണ്. മുറികളിലേക്കും തീപടര്‍ന്നു കയറി. ഇതോടെ ആളുകള്‍ താഴേക്ക് എടുത്തു ചാടി. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷംരൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയുടേയും ധനസഹായം ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
അതേസമയം, ദുരന്തത്തിലേക്ക് നയിച്ചത് നിയമലംഘനമെന്ന് സൂചനയുണ്ട്. ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് തീപിടിച്ചത്. ബേസ്മെന്‍റില്‍ അനധികൃതമായി ആളുകളെ താമസിപ്പിച്ചു. ആറു മുറികള്‍ക്ക് മാത്രമേ അനുമതിയുള്ളു. എന്നാല്‍ ഇവിടെ പ്രവര്‍ത്തിച്ചത് 25 മുറികളായിരുന്നു.