ഗാസിയാബാദിൽ പെരുന്നാൾ ദിനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് എൻകൗണ്ടറിലൂടെ വധിച്ചതിനെച്ചൊല്ലി ഉത്തർപ്രദേശിൽ രാഷ്ട്രീയ പോര് മുറുകുന്നു. 17 കാരനായ സൂര്യപ്രതാപ് ചൗഹാനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ്, കേസിലെ മുഖ്യപ്രതിയായ അസദിനെ ശനിയാഴ്ച അർധരാത്രിയോടെ പൊലീസ് എൻകൗണ്ടറിലൂടെ വെടിവെച്ചുകൊന്നത്. ഒളിവിൽ കഴിയുകയായിരുന്നു അസദിനെ പിടിച്ചു നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഖോഡ, ഇന്ദിരാപുരം പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് അസദിന് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സൂര്യപ്രതാപിന്‍റെ കൊലപാതകത്തോട് പ്രതികരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ‘സൗഹൃദത്തിന്‍റെ മറവിലുള്ള കൊലപാതകങ്ങൾ ഒരിക്കലും അംഗീകരിക്കില്ല’ എന്ന് വ്യക്തമാക്കിയിരുന്നു. മാതാപിതാക്കൾ മക്കളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണമെന്നും, വഴിതെറ്റിപ്പോകുന്ന മക്കളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് സ്വന്തം വീഴ്ചയായി മാതാപിതാക്കൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിയെ എൻകൗണ്ടർ ചെയ്ത സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളായ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഉത്തർപ്രദേശിൽ പ്രതിയുടെ മതം നോക്കിയാണ് എൻകൗണ്ടറുകൾ നടക്കുന്നതെന്നാണ് ഇരുകൂട്ടരുടെയും ആരോപണം. യുപിയിൽ എൻകൗണ്ടറുകൾ പതിവായി മാറിയിരിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി ആരോപിച്ചു. ‘കുറ്റവാളിയെ അറസ്റ്റ് ചെയ്യുക, കോടതിയിൽ കുറ്റം തെളിയിക്കുക, അതിനുശേഷം ശിക്ഷിക്കുക - ഇതാണ് നിയമപരമായ വഴി. എന്നാൽ ഉത്തർപ്രദേശിൽ മതം നോക്കിയാണ് എൻകൗണ്ടറുകൾ നടത്തുന്നത്. ഒരു മുസ്ലിം കൊല്ലപ്പെടുമ്പോൾ പ്രതിക്ക് നേരെ എൻകൗണ്ടർ ഉണ്ടാകാറില്ല. എന്നാൽ ഒരു ഹിന്ദുവിനെ കൊലപ്പെടുത്തുന്നത് മുസ്ലിമോ യാദവോ ആണെങ്കിൽ, അവിടെ വളരെ വേഗത്തിൽ എൻകൗണ്ടർ നടക്കുന്നു,’ അദ്ദേഹം പറഞ്ഞു.
നിയമം കയ്യിലെടുക്കാൻ ഭരണകൂടത്തിന് അവകാശമില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായും എൻകൗണ്ടറിനെ ചോദ്യം ചെയ്തു. ‘ഞാൻ എൻകൗണ്ടറുകൾക്ക് പൂർണ്ണമായും എതിരാണ്. ഭരണകൂടം ഇവിടെ നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. സർക്കാർ ഇത്തരത്തിൽ നിയമം കയ്യിലെടുക്കുന്നത് തികച്ചും തെറ്റാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 28-ന് ബക്രീദ് ദിനത്തിലാണ് ഗാസിയാബാദിലെ ഖോഡ മേഖലയിൽ വെച്ച് സൂര്യപ്രതാപ് ചൗഹാനെ അസദും കൂട്ടാളികളും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്. ഈ സംഭവം നാട്ടുകാർക്കിടയിൽ വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇരയുടെ കുടുംബാംഗങ്ങളും വിവിധ ഹിന്ദു സംഘടനകളും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എൻകൗണ്ടർ ചെയ്യണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് എൻകൗണ്ടർ ഉണ്ടായത്.