Image credit: x

Image credit: x

ബൈക്ക് അപകടത്തില്‍ നേരിയ പരുക്കുപറ്റി ആശുപത്രിയിലായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. രണ്ട് കോടി രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനാണ് യുവതിയും കാമുകനും ആശുപത്രി ജീവനക്കാരന്‍റെ സഹായത്തോടെ കൊലപാതകം നടത്തിയത്. കര്‍ണാടകയിലെ ബെലഗാവിയിലാണ് ക്രൂര കൊലപാതകം നടന്നത്. മുന്‍സൈനികനായ സന്ദീപ് മഞ്ജര്‍ഗയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്ദീപിന്‍റെ ഭാര്യ സുമ,  കാമുകന്‍, ആശുപത്രി ലാബ് ജീവനക്കാരന്‍ നഴ്സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മാര്‍ച്ച് 13നാണ് ബൈക്ക് അപകടത്തെ തുടര്‍ന്ന് സന്ദീപിനെ ഹുക്കേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും പിന്നീട് ജെജി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഹൃദയാഘാതം മൂലം സന്ദീപ് മരിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവിട്ടത്. ഫൊറന്‍സിക് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഗം ബിംസ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം സ്ഥിരീകരിച്ചിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 

കുടുക്കിയത് കാമുകന്‍റെ വാട്സാപ്പ് സ്റ്റാറ്റസ്

സംഭവത്തില്‍ പൊലീസിന് ദുരൂഹത തോന്നിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമെന്ന് രേഖപ്പെടുത്തിയിരുന്നതിനാല്‍ മുന്നോട്ടുള്ള അന്വേഷണം സാധ്യമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ബൈക്ക് അപകടത്തില്‍ ആശുപത്രിയിലെത്തിയ ആള്‍ എങ്ങനെയാണ് ഹൃദയാഘാതം വന്ന് മരിച്ചതെന്ന സ്റ്റാറ്റസ് സുമയുടെ കാമുകന്‍ പുന്ദാലിക് ഡോംബര്‍ ഇട്ടത്. ഇതേക്കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്ന തരത്തിലായിരുന്നു ഇയാളുടെ സ്റ്റാറ്റസ്. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഒടുവില്‍ പുന്ദലിക്, താനും സുമയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് സന്ദീപിനെ വകവരുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. 

സന്ദീപുമായുള്ള ബിസിനസ് കൂടിക്കാഴ്ചയ്ക്കിടെയാണ് സുമയുമായി പുന്ദലിക് പ്രണയത്തിലായത്. ബന്ധം വളര്‍ന്നതോടെ സന്ദീപിനെ വകവരുത്തി ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ ഇരുവരും തീരുമാനിച്ചു. സന്ദീപറിയാതെ ഇന്‍ഷൂറന്‍സ് പോളിസികള്‍ മൂന്ന് കമ്പനികളുടെ പേരിലേക്ക് മാറ്റി. തുടര്‍ന്ന് ബൈക്ക് അപകടമുണ്ടാക്കി ആശുപത്രിയിലാക്കുകയും ഡ്രിപില്‍ വിഷം ചേര്‍ത്തും ഉറക്ക ഗുളിക നല്‍കിയും കൊല്ലുകയായിരുന്നു.

ആശുപത്രി അധികൃതരും കുറ്റകൃത്യത്തില്‍ പങ്കാളികളായെന്നും ശരിക്കുമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇവര്‍ കൃത്രിമം കാട്ടിയെന്നും പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ വിഷം സൂക്ഷിച്ച കുപ്പികളും സിറിഞ്ചും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. 

ENGLISH SUMMARY:

In a shocking incident in Belagavi, Karnataka, a woman and her lover were arrested for allegedly murdering her ex-soldier husband to claim a ₹2 crore insurance payout. The victim, identified as Sandeep Manjarga, was initially admitted to a government hospital following a minor motorcycle accident before being shifted to a private medical facility. While medical records initially attributed his sudden demise to a cardiac arrest, a meticulous police investigation exposed a deep-rooted criminal conspiracy. The plot unraveled after the victim's wife, Suma, and her lover, Pundalik Dombar, deliberately altered the insurance policies to their names before administering poison through an intravenous drip. Their flawless crime was surprisingly blown wide open when a suspicious WhatsApp status posted by Pundalik triggered intense police interrogation. Law enforcement officials have since taken the duo into custody along with a hospital nurse and a lab technician who actively helped manipulate the forensic post-mortem reports.