വയനാട് വെണ്ണിയോട് വയോധികയുടെ കൊലപാതകം നടന്ന് ആറു ദിവസം ആയിട്ടും പ്രതിയെ കണ്ടു പിടിക്കാൻ ആകാതെ പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന 17 വയസ്സുകാരനെ ചോദ്യം ചെയ്തെങ്കിലും ഇതുവരെ കുറ്റവാളിയെന്ന് ഉറപ്പിക്കാനായിട്ടില്ല. ഇനിയും താമസിച്ചാൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ.
വെണ്ണിയോട് വൈപ്പടി സ്വദേശിനി 85 വയസ്സുകാരിയായ ഫാത്തിമ ഞായറാഴ്ച വൈകുന്നേരമാണ് കൊല്ലപ്പെട്ടത്. വീടിനടുത്ത് തന്നെ താമസിക്കുന്ന ഇളയ മകൻ ഉസ്മാൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിൻ്റെ മുറ്റത്തു വെച്ച് വയോധിക ധരിച്ചിരുന്ന സ്വർണാഭരണങ്ങളും പോലീസിന് ലഭിച്ചു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ നാളിതുവരെ ആയിട്ടും പ്രതിയെ കണ്ടെത്താൻ ആയിട്ടില്ല. പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനായ 17കാരനെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം നടക്കുന്നത്.