കോഴിക്കോട് ദൂരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്ലൂര്‍ സ്വദേശി ഷെരീഖ് അഹമ്മദാണ് മരിച്ചത്. മുണ്ടുപറമ്പിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, താന്‍ കൊലപ്പെടുത്തിയെന്ന് ഷെരീഖിന്‍റെ സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മൃതദേഹത്തില്‍ മര്‍ദനമേറ്റപാടുകളില്ലെന്ന് പൊലീസ് അറിയിച്ചു.
താന്‍ സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഇന്നലെ രാത്രിയാണ് അഷ്റഫ് പന്തീരാംകാവ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ തറയില്‍ കിടക്കുന്ന നിലയില്‍ 34 കാരനായ ഷെരീഖിന്‍റെ മൃതദേഹം കണ്ടെത്തി. എന്നാല്‍ പരിശോധനയില്‍ ശരീരത്തില്‍ മുറിവേറ്റ പാടുകളില്ലെന്ന് വ്യക്തമായി.
മൊബൈല്‍ സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാണ് അഷ്റഫിന്‍റെ മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് തള്ളുന്നുണ്ട്. പിന്നെങ്ങനെ മരണം സംഭവിച്ചു എന്നതിലാണ് അന്വേഷണം. ലഹരി ഉപയോഗമെന്ന സംശയമാണ് നാട്ടുകാരും പങ്കുവെയ്ക്കുന്നത്.
ഉറുമ്പ് അരിച്ച നിലയിലായിരുന്നതിനാല്‍ മൃതദേഹത്തിന് ഒരു ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. അഷ്റഫ് വാടകയ്ക്ക് എടുത്ത വീട്ടില്‍ കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് ഷെരീഖ് എത്തിയത്. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാകണം. റിപ്പോര്‍ട്ട് കിട്ടിയ ശേഷം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.