Image: SupremeCourt, Manorama

Image: SupremeCourt, Manorama

TOPICS COVERED

 സ്വമേധയാ നടത്തുന്ന ലൈംഗികത്തൊഴില്‍ നിയമവിരുദ്ധമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ലൈംഗികവൃത്തിക്കായെത്തിക്കുന്ന ഇരകളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, ജസ്റ്റിസ് ആര്‍.മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

70 വര്‍ഷം പഴക്കമുള്ള ‘ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ)ആക്ട്’, (ITPA) പ്രകാരം പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികവൃത്തി നടത്തുന്നത് തടയാന്‍ പൊലീസിന് അധികാരം നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വമേധയാ ചെയ്യുന്ന ജോലിയായതിനാല്‍ ഇരകളെ പുനരധിവസിപ്പിക്കുക എന്ന ആവശ്യം വരുന്നില്ലെന്നും കോടതി നിരീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ റെയ്ഡ് നടത്തി പിടികൂടി സ്വമേധയാ വരുന്നവരെ പുനരധിവസിപ്പിക്കേണ്ടെന്നും ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ ശ്രമിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിക്കുന്നു.

ഇത്തരക്കാരെ ഉപദ്രവിക്കുന്ന പ്രവണതയുണ്ടാവരുതെന്നും കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയായവരുടെ തീരുമാനവും സമ്മതവുമായിരിക്കണം പുനരധിവാസത്തിനുള്ള പ്രഥമ പരിഗണനയെന്നും പുനരധിവാസം നിര്‍ബന്ധിച്ച് നടത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പുനരധിവാസത്തിനുള്ള സഹായങ്ങൾ നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെങ്കിലും അത് അവര്‍ക്കുമേല്‍ അടിച്ചേൽപ്പിക്കാൻ അധികാരമില്ലെന്നും കോടതി നിരീക്ഷിക്കുന്നു.

ലൈംഗികത്തൊഴിലാളികളെ രക്ഷപ്പെടുത്തേണ്ടവരെന്ന് മാത്രം കണക്കാക്കാതെ അവരുടെ തീരുമാനങ്ങളെയും സ്വയംനിര്‍ണായാവകശാശത്തെയും ബഹുമാനിക്കണമെന്നും കോടതി ഓര്‍മിപ്പിക്കുന്നു. സെക്ഷന്‍ 17 ഐടിപിഎ പ്രകാരമുള്ള സമീപനത്തേയും കോടതി തള്ളി. എല്ലാവരേയും ഒരേ രീതിയില്‍ കാണാതെ മനുഷ്യക്കടത്തിന് ഇരയായവരും സ്വന്തം ഇഷ്ടപ്രകാരം ഈ തൊഴിലിലേക്ക് കടന്നുവന്നവരുമെന്ന വ്യത്യാസം തിരിച്ചറിയണം.കേസുകളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആയിരിക്കണം തീരുമാനങ്ങൾ എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

Supreme Court's Landmark Ruling on Voluntary Sex Work in India:

Supreme Court ruling on sex work indicates that voluntary sex work may not be considered illegal under current Indian law. The court emphasized respecting the decisions and autonomy of sex workers, suggesting that forced rehabilitation is not applicable when the work is voluntary.