supreme-court-n

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ദേശീയ പരീക്ഷ ഏജന്‍സിയോട് വീണ്ടും ചോദ്യങ്ങളും വിമര്‍ശനവുമായി സുപ്രീം കോടതി. എൻടിഎ കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളെ കണ്ടു പഠിക്കണമെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചു ? എന്തുകൊണ്ടാണ് വീഴ്ചകളുണ്ടാകുന്നതെന്ന് ദേശീയ പരീക്ഷ ഏജൻസിയോടും കേന്ദ്രസർക്കാരിനോടും സുപ്രീം കോടതി ചോദിച്ചു.  കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്ന യുപിഎസ്​സിയടക്കമുള്ള സ്ഥാപനങ്ങളിൽ നിന്ന് എൻടിഎ പാഠങ്ങൾ ഉൾകൊള്ളണം. രാജ്യത്തെ യുവാക്കളെ നിരാശരാക്കരുത്.  വിദ്യാർഥികളുടെ വർഷങ്ങളോളമുള്ള കഠിനാധ്വാനമാണിതെന്നും ജസ്റ്റിസ് പി.എസ്.നരസിംഹ ഓർമിപ്പിച്ചു.  മേല്‍നോട്ട സമിതി ശരിയായി മേല്‍നോട്ടം നടത്തുന്നുണ്ടോ എന്നും ചോദ്യം.  ഒന്നുകില്‍ ശുപാർശയിൽ കുഴപ്പമുണ്ട് അല്ലെങ്കിൽ ശുപാര്‍ശകള്‍ ശരിയായി നടപ്പാക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.  

ഉന്നതാധികാര സമിതിയുടെ ശുപാർശകളില്‍ ഭൂരിഭാഗവും നടപ്പാക്കിയിട്ടുണ്ടെന്ന് കോടതിയിൽ നേരിട്ട് ഹാജരായ സമിതി ചെയര്‍മാന്‍ കെ.രാധാകൃഷ്ണൻ വിശദീകരിച്ചു.  2025ലെ നീറ്റ് പരീക്ഷകൾ തൃപ്തികരമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.  വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യുവാക്കളെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  പരീക്ഷ പ്രക്രിയയുടെ തുടർനടത്തിപ്പിനെക്കുറിച്ചടക്കം ആറാഴ്ചക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.  ക്രമക്കേടിൽ എൻടിഎ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.  വീഴ്ചകളിൽനിന്ന് എൻടിഎ പാഠം പഠിച്ചില്ലെന്ന് കഴിഞ്ഞതവണ സുപ്രീംകോടതി വിമർശിച്ചിരുന്നു. 

ENGLISH SUMMARY:

The Supreme Court of India issued strong criticisms against the National Testing Agency (NTA) regarding systemic irregularities and paper leaks in the NEET examinations. A bench led by Justice P.S. Narasimha emphasized that the NTA must learn execution strategies from institutions like the UPSC to ensure flawless examination models. The court noted that recurrent failures severely demoralize the country's youth who put years of rigorous hard work into preparation. In response, the Central Government stated that the Prime Minister is personally supervising the corrective measures and high-level structural reforms. Adjourning the plea filed by medical associations seeking the dissolution of the NTA, the apex court directed the center to file a comprehensive compliance affidavit within six weeks detailing future operational safeguards.