"ആൺകുട്ടികൾ പെൺകുട്ടികളെ വിവാഹം കഴിച്ചതിനുശേഷം എന്തിനാണ് അവരെയും കുടുംബത്തെയും അപമാനിക്കുന്നത് ? വധുവിനെയും കുടുംബത്തെയും അപമാനിക്കുന്നത് തുടരാനാകില്ലെന്ന് നാട് അറിയണം. ആ സന്ദേശം പ്രചരിപ്പിക്കട്ടെ." ജസ്റ്റിസ് ബി.വി.നാഗരത്നയുടെ ഈ വാക്കുകള്‍ സ്ത്രീധന പീഡകരുടെ കണ്ണ് തുറപ്പിക്കാനാണ്.
നടിയും മോഡലുമായി ട്വിഷ ശര്‍മയുടെ ദുരൂഹ മരണം രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍കൂടിയാണ് മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ കര്‍ശന സ്വരത്തിലുള്ള പരാമര്‍ശങ്ങള്‍. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം സ്ത്രീധന പീഡനങ്ങവും ആത്മഹത്യകളും ദുരൂഹ മരണങ്ങളും കാലാകാലങ്ങളായി ആവര്‍ത്തിക്കുന്നു. സുപ്രീം കോടതി എന്നും സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ആ നിലപാട് അരക്കിട്ടുറപ്പിക്കുന്ന വാക്കുകളാണ് വനിതാ ജഡ്ജി ജസ്റ്റിസ് ബി.വി.നാഗരത്നയുടെ ബെഞ്ചില്‍നിന്ന് ഇന്ന് കേട്ടത്.
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഛത്തീസ്ഗഢില്‍ യുവതി തൂങ്ങിമരിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ശക്തമായ പരാമർശങ്ങൾ നടത്തിയത്. 2010–ലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായി മൂന്ന് വർഷത്തിനുള്ളിൽ യുവതി തൂങ്ങിമരിക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചതാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. പണവും കാറും ഉൾപ്പെട്ടെ ആവശ്യപ്പെട്ടായിരുന്നു പീഡനമെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിലാണ് അസ്വാഭാവിക സാഹചര്യത്തിലെ മരണമെന്നും അതിനാല്‍ സ്ത്രീധന പീഡന മരണത്തിന്റെ പരിധിയില്‍ വരുമെന്നും വിചാരണ കോടതി നിഗമനത്തിലെത്തി. തൂങ്ങിമരണമാണെന്ന് മെഡിക്കൽ തെളിവുകൾ സ്ഥിരീകരിച്ചു. നിരന്തരം സ്ത്രീധനം ആവശ്യപ്പെടല്‍, മരണത്തിന് തൊട്ടുമുമ്പ് നൽകിയ പണം, തുടർച്ചയായ പീഡനം തുടങ്ങി ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ക്രൂരതയ്ക്ക് തെളിവുകളും ലഭിച്ചു. അങ്ങനെ സ്ത്രീധന മരണം, ആത്മഹത്യ പ്രേരണ, ക്രൂരതയും പീഡനവും തുടങ്ങിയ വകുപ്പുകൾ പ്രകാരം ഭർത്താവിനെയും കുടുംബാംഗങ്ങളെയും വിചാരണക്കോടതി ശിക്ഷിച്ചു.
ഛത്തീസ്ഗഡ് ഹൈക്കോടതി വിചാരണ കോടതിയുടെ വിധി ശരിവച്ചു. ഭര്‍ത്താവിന്‍റെ കുടുംബാഗം ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നായിരുന്ന ഹർജിക്കാരന്റെ അഭിഭാഷകന്‍റെ വാദം. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാന്‍ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടുടെ ബെഞ്ച് വിസമ്മതിച്ചു. ഭർത്താവിന്റെ കുടുംബത്തിന്റെ പെരുമാറ്റത്തെ കോടതി ആവർത്തിച്ച് വിമർശിക്കുകയും ചെയ്തു. ഇത്തരം കേസുകളുണ്ടാകുന്ന സാമൂഹിക യാഥാർഥ്യത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ വാക്കുകള്‍.
''വധുവിനെയും അവളുടെ കുടുംബത്തെയും പിഴിയാനുള്ള ശ്രമമാണ് നടക്കുന്നത്. വധുവിന്റെ അച്ഛൻ 60,000 രൂപ നൽകാമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ അവരെ യാചകർ എന്ന് വിളിച്ചു. നിങ്ങൾ മിണ്ടാതിരിക്കണമായിരുന്നു'', ജസ്റ്റിസ് നാഗരത്ന താക്കീതിന്‍റെ സ്വരത്തില്‍ പറഞ്ഞു. ചില വീടുകളിലെ സാമ്പത്തിക ബലപ്രയോഗത്തിന്റെ രീതിയും അവർ എടുത്തുപറഞ്ഞു.
''പെൺകുട്ടിയുടെ കുടുംബം മകളെ രക്ഷിക്കാൻ അപേക്ഷിക്കുമ്പോള്‍ ആൺകുട്ടിയുടെ കുടുംബം അവരെ യാചകർ എന്ന് വിളിക്കുന്നു. വധുവിനോട് ഇങ്ങനെയാണോ പെരുമാറുന്നത്, ഇതിനെതിരായ സന്ദേശം പ്രചരിക്കട്ടെ'' അഭിഭാഷകൻ പ്രതികരിക്കാൻ ശ്രമിച്ചപ്പോൾ, ഇടപെട്ട് ജസ്റ്റിസ് നാഗരത്ന തുടര്‍ന്നു.
രൂക്ഷവിമര്‍ശനത്തിനൊടുവില്‍ വിചാരണ കോടതിയുടെ കണ്ടെത്തലുകൾ ശരിവച്ച സുപ്രീം കോടതി ഭര്‍ത്താവിന്‍റെ കുടുംബത്തിന്‍റെ അപ്പീൽ തള്ളി.